തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിയെ അധികാരപ്രയോഗമായി കാണരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. രാജ്ഭവനിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ നടപടിയില്‍ തെറ്റില്ലെന്നും ഇത് സൗഹൃദപരമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു.ഗവര്‍ണറുടെ നടപടി അധികാരപ്രയോഗമായി കാണേണ്ടതില്ല. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു.
ഒരു സ്ഥാപനം മറ്റൊന്നിന്റെ മേല്‍ അധികാര പ്രയോഗം നടത്തിയതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുമ്പോള്‍ സിപിഐഎം പാര്‍ട്ടി സെക്രട്ടറിക്കും മറ്റും എതിരഭിപ്രായമാണ് ഉള്ളത്. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ കടുത്ത വിമര്‍ശനമാണ് സിപിഐഎം നേതാക്കള്‍ ഉയര്‍ത്തിയത്. ക്രമസമാധാന തകര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ‘സമ്മണ്‍’ ചെയ്തതായുള്ള രാജ്ഭവന്റെ വാര്‍ത്താ കുറിപ്പില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയതെന്നിരിക്കെയാണ് ശ്രീരമാകൃഷ്ണന്റെ മറിച്ചുള്ള നിലപാട്.പ്രതിപക്ഷവും മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അധികാര കൈകടത്താലായി കാണേണ്ട എന്ന സ്പീക്കറുടെ നിലപാടും അദ്ദേഹത്തിന്റ പാര്‍ട്ടിയുടെ വിരുദ്ധ നിലപാട് അടുത്ത ദിവസം ചേരുന്ന നിയമസഭാ യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും.
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് പോയില്ലെങ്കിലും വിവാദമാകുമായിരുന്നു. ഗവര്‍ണര്‍ക്കുള്ളത് ഉപദേശകന്റെ റോള്‍ മാത്രം. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണ്. ഇതില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്തു സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗാരവപൂര്‍ണവും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്തെന്നു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു– കോടിയേരി പറഞ്ഞു.
വര്‍ത്തമാനസമയത്തെ അക്രമ-അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നു സമാധാനം ഉറപ്പുവരുത്താനായി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ പോര്‍മുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നതു സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.
ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. കേരളത്തിലെ ക്രമസമാധാനനില പൊതുവില്‍ ഭദ്രമാണ്. മറ്റു പല സംസ്ഥാനങ്ങളിലെയുംപോലെ നിയന്ത്രാണാതീതമായ കൊള്ളയോ അക്രമമോ വര്‍ഗീയക്കുഴപ്പമോ കേരളത്തില്‍ ഇല്ല. കേരള ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും ശത്രുചേരിയില്‍നിന്ന് അങ്കംവെട്ടുന്ന സ്ഥിതിയില്ല. സംസ്ഥാനത്തു സമാധാനം പുലരണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ആര്‍ക്കൊക്കെയുണ്ടോ അവരെല്ലാം യോജിച്ചു നീങ്ങുന്നതില്‍ അപാകമില്ല. സമാധാനം പുലരണമെന്നതിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഗവര്‍ണര്‍ പി സദാശിവത്തിനും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്നാണു കരുതുന്നത്. അതുകൊണ്ടാണ്, ഈ വിഷയത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ആശയവിനിമയം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തന്നോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തിരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാകട്ടെ, പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ മോഹമുള്ളവരാണ് മോദി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 250 സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. 15 ല്‍പരം വീടും 60ല്‍ ഏറെ പാട്ടി ഓഫീസും തകര്‍ത്തു. 13 സിപിഎം പ്രവര്‍ത്തകരെ കൊന്നു. ആസൂത്രിത ആക്രമണമാണു സിപിഎമ്മിനുനേരെ സംഘപരിവാര്‍ നടത്തുന്നത്. കുറച്ച് മാസംമുമ്പ് മുഖ്യമന്ത്രി മുന്‍കൈയെടുത്തു നടത്തിയ സര്‍വകക്ഷി സമാധാന സമ്മേളനവും അതിനു മുന്നോടിയായി നടന്ന ബിജെപി- ആര്‍എസ്എസ് പ്രതിനിധികളും സിപിഎം നേതാക്കളും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയും നല്ല ചുവടുവയ്പായിരുന്നു. സമാധാന സമ്മേളന തീരുമാനങ്ങളെ ലംഘിക്കുന്നതിന് ഒട്ടും മനഃസാക്ഷിക്കുത്ത് സംഘപരിവാറിനില്ല.
കേരളത്തെ വര്‍ഗീയതയുടെ വിളനിലമാക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഹൈന്ദവവല്‍കൃത ചരിത്രബോധം ജനങ്ങളില്‍ സന്നിവേശിപ്പിക്കുക, വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുക, അതിനുവേണ്ടി കള്ളപ്രചാരവേല നടത്തുകയും അക്രമാസക്തമായി പ്രവര്‍ത്തിക്കുക- അതാണ് ആര്‍എസ്എസ് ശൈലി. ഇതൊക്കെ ചെയ്തിട്ടും കേരളം ഗുജറാത്ത് ആകാത്തത് സംസ്ഥാനത്തിന്റെ അടിയുറച്ച മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാനമൂല്യങ്ങള്‍ ഇന്നും പരിരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ സ്വാധീനവും കാരണമാണ്.
എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകവും അക്രമങ്ങളും പാര്‍ടി ഓഫീസ് തല്ലിത്തകര്‍ക്കലും വീടുകള്‍ ആക്രമിക്കലുമൊന്നും പാടില്ല. അതൊരു രാഷ്ട്രീയസംസ്കാരമായും രാഷ്ട്രീയബോധമായും വളര്‍ത്തിയെടുക്കണം. ഏതോ ഘട്ടത്തില്‍ കൈവിട്ടുപോയ ഈ സംസ്കാരം തിരിച്ചുപിടിച്ച് സമാധാനപൂര്‍ണമായ രാഷ്ട്രീയപ്രര്‍ത്തനം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സിപിഎം മുന്‍കൈയെടുക്കും– ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് എടക്കോട് രാജേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതിനെതിരെ സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗവര്‍ണര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കണ്ടത് തെറ്റാണ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കിയതും ശരിയായില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്.ഗവര്‍ണറുടെ നടപടി ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും ഇക്കാര്യം വിവാദമാക്കേണ്ടെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തിയത്. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പൊതുവികാരമാണ് സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഉയര്‍ന്നത്.
നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം വിവാദമാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ സംഭവത്തില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഗവര്‍ണറുടേത് സ്വാഭാവിക നടപടി മാത്രമാണെന്ന അഭിപ്രായമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കുവച്ചത്.