
പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ എത്തിയ കരസേനാ സംഘം തൊട്ടരികിൽ എത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്.
സംഘത്തോട് ബാബു പ്രതികരിച്ചു. കഴിഞ്ഞ 40 മണിക്കൂറിലധികമായി മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാനുള്ള തീവ്രശ്രമമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവർത്തകർ നടത്തുന്നത്.
ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു.
ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്‌നിരക്ഷാസേനാംഗങ്ങളും രാത്രി വൈകിയും രക്ഷാശ്രമം തുടര്‍ന്നിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്.
മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു.പിന്നീട് ഫോണ്‍ബന്ധം നിലച്ചു.
തിങ്കളാഴ്ച രാത്രി അഗ്‌നിരക്ഷാസേനയും മറ്റും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസ്സമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ മലകയറി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിനടുത്തെത്താനായില്ല. കയര്‍കെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു.
വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ശക്തമായ കാറ്റും വെല്ലുവിളി ഉയർത്തിയിരുന്നു. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീണു.