കൊച്ചിയില്‍ ജനങ്ങള്‍ ഭീതിയില്‍; ദുരൂഹ ചിഹ്നങ്ങള്‍

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ചില ചിഹ്നങ്ങള്‍. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. രാത്രികാലങ്ങളില്‍ ദുരൂഹ സംഘങ്ങള്‍ വിലസുകയും ചെയ്യുന്നു. ആശങ്ക നിറഞ്ഞതോടെ ജനങ്ങള്‍ പോലീസില്‍ പരാതി നല്‍കി. വരാപ്പുഴയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചില ചിഹ്നങ്ങളും അക്കങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഇലക്ട്രിക് പോസ്റ്റുകളില്‍ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ ആദ്യം ദുരൂഹതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ചിലയാളുകളുടെ സാന്നിധ്യം നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. പിന്നീട് ഈ അടുത്ത ദിവസങ്ങളില്‍ ചില അനിഷ്ട സംഭവങ്ങളും അരങ്ങേറി. ഇലക്ട്രിക് പോസ്റ്റുകളില്‍ കാണുന്ന ദുരൂഹ സൂചകങ്ങള്‍ ഇപ്പോള്‍ ചില മതിലുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സൂചകങ്ങള്‍ കാണുന്ന മേഖലയിലെ വീടുകളിലാണ് രാത്രിയില്‍ മോഷണം നടക്കുന്നത്. രണ്ടാഴ്ചക്കിടെ നിരവധി മോഷണസംഭവങ്ങള്‍ അരങ്ങേറി. ഇതുവരെ 15 മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെയാണ് നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലായത്. വരാപ്പുഴയിലെ പുത്തന്‍പള്ളി, ചിറയക്കോണം, തേവക്കാട്, മരോട്ടിച്ചോട് എന്നിവിടങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലാണ് ഭീതി വളര്‍ത്തുന്ന ചിഹ്നങ്ങള്‍. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

മോഷ്ടാക്കളെ പിടിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്യമുണ്ടായില്ല. ഇതുവരെ ആരെയും പിടിക്കാന്‍ നാട്ടുകാര്‍ക്കായില്ല, പോലീസിനും സാധിച്ചില്ല. പകല്‍സമയം പ്രദേശത്ത് നിരീക്ഷണം നടത്തി രാത്രികാലങ്ങളില്‍ മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. മോഷണം നടത്തുന്ന രീതി പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇതേ രീതിയില്‍ മോഷണം നടത്തുന്ന സംഘത്തെ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. പത്തനംതിട്ടയില്‍ സമാനമായ ചില ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകാരുടെ ഉറക്കം കെടുത്തിയ ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെല്ലാം മോഷണവും പതിവായി. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന് വിശദീകരിക്കുന്ന ചിത്രങ്ങളായിരുന്നു അന്ന് മതിലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top