കണ്ണൂർ :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാൻങ്കോക്ക് എതിരെ പ്രതികരിച്ചതിന് സഭയുടെ ക്രൂരത തുടരുന്നു മാനസികമായും ശാരീരികമായും പീഡനം തുടരുന്നു എന്നാണ് പുതിയ വാർത്തകൾ . സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് ലൂസിയെ പൂട്ടിയിട്ടതെന്നാണ് വിവരം. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇത്തരത്തില്‍ തന്നെ പൂട്ടിയിട്ടതെന്നും ഇത് അത്യധികം മനുഷ്യത്വരഹിതമായ സംഭവമാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്ന് സന്യാസസഭ നിര്‍ദേശം നല്‍കിയിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തും അയച്ചിരുന്നു. നേരത്തെ സിസ്റ്ററിനെ എഫ്‌സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് സിസ്റ്ററിനെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു