പത്തനംതിട്ട : വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പും മന്ത്രിയും കണ്ണടച്ചെന്നുവേണം കരുതാന്‍. കാരണം ആരോഗ്യമന്ത്രിയുടെ നാട്ടില്‍ ക്രമവിരുദ്ധമായി ഒരു ആശുപത്രി മെഡിക്കല്‍ കോളേജ് എന്നപേരില്‍ പ്രവര്‍ത്തിച്ചിട്ടും പരിശോധനയോ നടപടിയോ ഉണ്ടായില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ എബ്രഹാം കലമണ്ണിലിനെ വഴിവിട്ട് സഹായിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വകുപ്പു മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അയ്യപ്പാ മെഡിക്കല്‍ കോളേജിന് സാനിട്ടൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇത് നല്‍കിയാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി നേടിയത്. ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത്. കഴിഞ്ഞ സെപ്തംബര്‍ 29 ന് ഇത് പുതുക്കി നല്‍കിയെന്ന് പഞ്ചായത്ത് സെക്രട്ടറി സമ്മതിക്കുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ നല്‍കേണ്ടത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം ഒരു അനുമതിക്കായി ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനെ സമീപിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. ജില്ലാ മെഡിക്കല്‍ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു.
അയ്യപ്പാ മെഡിക്കല്‍ കോളേജിന് നല്‍കിയ സാനിട്ടൈസേഷന്‍ സര്‍ട്ടിഫിക്കറ്റും സംശയാസ്പദമാണ്. ആശുപത്രിയിലെ ശുദ്ധജല വിതരണവും വെയിസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റവും പരിശോധന നടത്തി തൃപ്തികരമെന്ന് ഉത്തമബോധ്യം വന്നാല്‍ മാത്രമേ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ശുദ്ധജലം ലഭിക്കാന്‍ ഒരു കുഴല്‍ കിണറും ഒരു തടയണയും മാത്രമാണ് ഇവിടെ ഉള്ളതെന്നാണ് ആരോപണം. വെയിസ്റ്റ് വാട്ടര്‍ മാനേജ്മെന്റിനു ഇവിടെ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. എന്നിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് സാനിട്ടൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതില്‍ അഴിമതി നടന്നോയെന്നും സംശയമുണ്ട്. ഒരു മെഡിക്കല്‍ കോളെജിനു വേണ്ട ഒരു സൌകര്യങ്ങളും ഇവിടെയില്ല.
50 ഏക്കറില്‍ പ്രേതാലയം പോലെ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് – പരമ്പര തുടരും