തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്ന് മോഷണം പോയി. പൂജയ്ക്ക് ശേഷം ശ്രീകോവിലിന് സമീപം സൂക്ഷിച്ചിരുന്ന ശംഖാണ് കവര്‍ന്നത്. ക്ഷേത്രം മതിലകം അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 8.45 ഓടെയാണ് മോഷണവിവരം ക്ഷേത്ര ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന് കരുതുന്നയാള്‍ ശംഖുമായി കടന്നതായി വ്യക്തമായത്. ഫോര്‍ട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ മോഷ്ടാവിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ക്ഷേത്ര സെക്യൂരിറ്റി ചുതമലയുള്ള എസപി തമ്പി എസ്. ദുര്‍ഗാദത്തും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണ്. അതീവ സുരക്ഷാമേഖലയെന്ന് അവകാശപ്പെടുന്ന, ഇരുപത്തിനാല് മണിക്കൂറും കാമറ നിരീക്ഷണമുള്ള ക്ഷേത്രത്തിനുള്ളില്‍ നിന്നും ശംഖ് കവര്‍ച്ച ചെയ്യപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.