സിനിമയ്ക്ക് സമാനമായ കഥയാണ് നടി ശ്രീദേവിയുടെ ജീവിതം. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ പ്രണയിച്ച് വിവാഹം ചെയ്യുകയും പിന്നീട് ആ ജീവിതം ഉപേക്ഷിച്ച് ബോണി കപൂറിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്ത നടിയാണ് ശ്രീദേവി. ബോണി കപൂറിന്റേതും രണ്ടാം വിവാഹമായിരുന്നു അത്. മോണ ഷൂരിയുടെ ഭര്‍ത്താവായിരിക്കെ തന്നെ ബോണിയെ പ്രണയിച്ച ശ്രീദേവി വിമര്‍ശനങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്.
ശ്രീദേവിയുടെ ജീവിതകഥ ഇങ്ങനെ:
1970ല്‍ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂര്‍ പറഞ്ഞിട്ടുണ്ട്. അന്നുതൊട്ടേ ശ്രീദേവിക്കൊപ്പം വര്‍ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഇക്കാര്യം സൂചിപ്പിക്കാനായി ഒരു ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്നുവെങ്കിലും അപരിചിതരോടു സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത അന്തര്‍മുഖയായിരുന്നു ശ്രീദേവിയെന്ന് ബോണി കപൂര്‍ മനസ്സിലാക്കി.
പാതി ഇംഗ്ലീഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോടു സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു. അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂര്‍ അവര്‍ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിനു പകരം പതിനൊന്നു ലക്ഷം വാഗ്ദാനം ചെയ്തു. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം. ഇതോടെ ശ്രീദേവിയുടെ അമ്മ ബോണിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. പതിയെ ശ്രീദേവിയും ബോണിയും സുഹൃത്തുക്കളായി മാറി.
പക്ഷേ ഇക്കാലത്തൊക്കെയും നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി അടുപ്പത്തിലായിരുന്നു. ഇതോടെ ശ്രീദേവിയുടെ പുറകെ നടക്കുന്നതില്‍ കാര്യമില്ലെന്നു മനസ്സിലായ ബോണി വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനു തയാറായി മോണാ ഷൂരിയെ വിവാഹം കഴിച്ചു. ആ സമയത്ത് മിഥുന്‍ ചക്രവര്‍ത്തി ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെങ്കിലും തന്റെ മുന്‍ഭാര്യ യോഗീതാ ബാലിയില്‍ നിന്നു വിവാഹമോചനം നേടിയിരുന്നില്ല. മാത്രവുമല്ല ശ്രീദേവിയുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാനും അദ്ദേഹം തയാറായിരുന്നില്ല. ഇതു ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അങ്ങനെയാണു തന്റെ വിഷമങ്ങള്‍ പങ്കുവച്ച് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതല്‍ ദൃഢമായി.
ശ്രീദേവിയുമായുള്ള ബന്ധം അതിരു കടന്നുവെന്നു ബോധ്യമായതോടെയാണ് ബോണിയുടെ ജീവിതത്തില്‍ നിന്നും ഭാര്യ മോണ വിട്ടുപോകാന്‍ തീരുമാനിക്കുന്നത്. ശ്രീദേവി ഗര്‍ഭിണിയാണെന്നുകൂടി അറിഞ്ഞതോടെ പിന്നീടൊന്നാലോചിക്കാന്‍ പോലും സമയം നല്‍കാതെ മോണ ബോണിയുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയി. ബോണിക്കു തന്നെയല്ല, മറ്റൊരാളെയാണ് ആവശ്യമെന്നും ശ്രീദേവി ഗര്‍ഭിണി കൂടിയായ സാഹചര്യത്തില്‍ ഇനിയൊരിക്കലും ഒന്നിക്കാന്‍ തീരെ സാധ്യതയില്ലെന്നും വ്യക്തമാക്കിയാണ് മോണ പടിയിറങ്ങിപ്പോയത്. അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകര്‍ന്നതെന്ന് മോണ പിന്നീടു പറഞ്ഞിരുന്നു.
മക്കളായ അര്‍ജുന്‍ കപൂറിനും അന്‍ഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകര്‍ത്തവളായിട്ടായിരുന്നു ശ്രീദേവിയെ മോണയുടെ അമ്മ കണ്ടിരുന്നത്. ഒരിക്കല്‍ പരസ്യമായിതന്നെ ഗര്‍ഭിണിയായ ശ്രീദേവിയെ മര്‍ദിക്കാന്‍ പോലും അവര്‍ ശ്രമിച്ചതിനു സാക്ഷികളുണ്ട്. അത്രയ്ക്കുണ്ടായിരുന്നു ശ്രീദേവിയോടുള്ള വിദ്വേഷം. ബിടൗണിലെ തിളങ്ങുംതാരം അര്‍ജുന്‍ കപൂറിന്റെ അമ്മ കൂടിയായ മോണ 2012ല്‍ അര്‍ബുദത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1996ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരാകുന്നത്. ബോണിയാണ് തന്റെ സ്വപ്നങ്ങളിലെ പുരുഷനെന്നു മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടിവന്നിട്ടുണ്ടെന്ന് ശ്രീദേവി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രണയം മനസ്സിലാക്കി നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് പിന്നീടു പലപ്പോഴും ചിന്തിച്ചിരുന്നുവെന്നും ശ്രീദേവി പറഞ്ഞിരുന്നു.
സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്തായിരുന്നു ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം കഴിച്ചത്. പിന്നീടങ്ങോട്ട് ബോണിയുടെയും മക്കളായ ജാന്‍വിയുടെയും ഖുഷിയുടെയും സന്തോഷമായിരുന്നു ശ്രീദേവി തിരഞ്ഞെടുത്തിരുന്നത്. സിനിമയോട് വിടപറയാനും പൂര്‍ണമായും കുടുംബസ്ഥയാവാനും ശ്രീദേവി തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലീഷ് വിംഗ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി. മകള്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിയോഗം.