കേരളത്തില്‍ ബിജെപിയ്ക്ക് വിജയ സാധ്യത പ്രവചിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടുമെന്ന നിലയിലാണ് പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വരുന്നത്. തിരുവനന്തപുരവും പത്തനംതിട്ടയുമാണ് ബിജെപിയ്ക്ക് വിജയ സാധ്യത കല്‍പ്പിച്ചിരുന്ന രണ്ട് മണ്ഡലങ്ങള്‍. പത്തനംതിട്ടയില്‍ വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ പറയുന്നത്.
ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്നാണ് ശ്രീധരപിള്ള പറയുന്നത്. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുന്‍പ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരന്‍ പിള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങള്‍ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു.
തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാല്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്‌സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.