തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷണത്തില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റിയിട്ടില്ലെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയ മൂന്ന് ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ശ്രീജിത്ത് ഇപ്പോള്‍. അവധികഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ ശ്രീജിത്ത് തന്നെ അന്വേഷണം നടത്തുമെന്നും ഓഫീസ് അറിയിച്ചു. അവധിയിലാണെങ്കിലും ശ്രീജിത്ത് തന്നെയാണ് കേസന്വേഷണത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
കഴിഞ്ഞ ദിവസമാണ് ശ്രീജിത്തിനെ സ്ഥലംമാറ്റിയെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇക്കാര്യത്തേക്കുറിച്ച് ശ്രീജിത്ത് പ്രതികരിക്കാതിരുന്നത് ഏറെ സംശയത്തിനിട നല്‍കിയിരുന്നു.അതേസമയം, വാര്‍ത്താ താരമാകുന്നതിന് വേണ്ടി തെറ്റായ വാര്‍ത്ത പുറത്തുവിട്ട് ശ്രീജിത്ത് തന്നെ കളിച്ച നാടകമാണിതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതിനിടെ കെട്ടിഘോഷിച്ച് രാഹുല്‍ പശുപാലനെയും രശ്മിയെയും അറസ്റ്റു ചെയ്ത ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനും സംഘത്തിനും അടിപതറിയപ്പോള്‍ പുതിയ തന്ത്രം!ദി ന്യൂസ് മിനുട്ട് എന്ന ഇംഗ്ലീഷ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖം തന്നെയാണ് ശ്രീജിത്തിന് വിനയായിരിക്കയാണ് .
രാഹുല്‍ പശുപാലനെയും രശ്മി ആര്‍ നായരെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നേരത്തെ പത്രസമ്മേളനത്തിലും ചാനലുകളിലും നടത്തിയ അഭിപ്രായപ്രകടനം വിഴുങ്ങി എല്ലാം ഞങ്ങള്‍ അങ്ങനെ കരുതുന്നു; വിശ്വസിക്കുന്നു എന്ന രൂപത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് ശ്രീജിത് നടത്തിയത്.
രാഹുലും രശ്മിയും ചെറിയ കുട്ടികളെ ട്രാപ് ചെയ്ത് പെണ്‍വാണിഭം നടത്തിയതായി തങ്ങള്‍ വിശ്വസിക്കുന്നില്ല എന്നും എന്നാല്‍ അവര്‍ പെണ്‍വാണിഭം നടത്തിയതായാണ് കരുതുന്നതെന്നുമാണ് ശ്രീജിത്തിന്റെ വിചിത്രവാദം.കൊച്ചുസുന്ദരികള്‍ എന്ന സെക്‌സ് റാക്കറ്റിന്റെ പേജുമായി രാഹുലിന് യാതൊരു ബന്ധവുമില്ലെന്നും പുറത്ത് പ്രചരിക്കുന്ന ഓഡിയോ പോലീസ് വിട്ടതല്ലെന്നുമാണ് ശ്രീജിത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍.
ചുംബന സമര നേതാക്കളായ രാഹുലിന്റെയും രശ്മിയുടേയും അറസ്റ്റ് ‘സെന്‍സേഷനാക്കാന്‍’ ചാനലുകളില്‍ ഓടി നടന്ന ഐജിയാണ് കേസ് തിരിച്ചടിക്കുമെന്നു കണ്ടപ്പോള്‍ മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ വിഴുങ്ങിയത്.രണ്ട് സംഭവങ്ങള്‍ കോര്‍ത്തിണക്കി ശ്രീജിത്ത് ഉണ്ടാക്കിയ കഥയാണ് അറസ്റ്റിന് പിന്നിലെന്ന സംശയം ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയിലുണ്ട്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിജിപിയും പ്രത്യേകമായി കേസ് മോണിറ്റര്‍ ചെയ്യുന്നുണ്ട്.രാഹുലിനെയും രശ്മിയെയും ക്രൈം നടക്കുമ്പോഴല്ല അറസ്റ്റ് ചെയ്തത് എന്നത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥിതീകരിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് നിരീക്ഷണത്തിലായ ഇരുവരെയും മാസങ്ങളായിട്ടും കയ്യോടെ പിടികൂടാന്‍ കഴിയാതിരുന്നത് അത്തരം ഗൗരവകരമായ കുറ്റകൃത്യം ഇവര്‍ ചെയ്യാത്തതു കൊണ്ടല്ലേ എന്ന സംശയവും പരക്കെയുണ്ട്.
പിടികൂടാന്‍ ചെന്ന പോലീസുകാരനെ ‘ഇടിച്ചിട്ട’ കാറും അതിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും കുട്ടിയും എവിടെ പോയി എന്ന ചോദ്യവും ഐജിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.ഐജിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് ഓപ്പറേഷനിടക്ക് അത്രയും പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇടിച്ചിട്ട് ഓടിച്ചുപോകുവാന്‍ സാധ്യമല്ല.ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ സ്ത്രീകളെ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന ഉന്നതരെ പോലീസ് അറസ്റ്റ് ചെയ്യാത്തതും ഏറെ ദുരൂഹതകളുണര്‍ത്തുന്നു.
മനുഷ്യക്കടത്തില്‍ ഇപ്പോള്‍ പിടികൂടപ്പെട്ട മറ്റു പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതതയില്ലെങ്കിലും രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിവ്.രാഹുല്‍ പശുപാലനും രശ്മിക്കും പെട്ടെന്ന് ജാമ്യം ലഭിക്കാതിരിക്കാന്‍ ഐജി നടത്തിയ ഇടപെടലിന്റെ ഭാഗമാണ് പുതിയ ‘തിരക്കഥ’യില്‍ മനുഷ്യക്കടത്തും വന്നതെന്ന ആരോപണവും ശക്തമാണ്.പുറത്തിറങ്ങിയാല്‍ ഞെട്ടിക്കുന്ന സത്യം പുറത്തു പറയുമെന്നും ലോകം പെട്ടെന്ന് അവസാനിക്കുന്നില്ലെന്നും കോടതിയില്‍ ഹാജരാക്കവെ പശുപാലന്‍ പറഞ്ഞത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിളിച്ചുപറഞ്ഞ രാഹുല്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നറിയാന്‍ മാധ്യമലോകം കാത്തിരിക്കുകയാണ്.മാധ്യമങ്ങളില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ശ്രീജിത്തിന് അനുകൂലമായ പ്രചരണം കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ ശ്രീജിത്തിന്റെ ‘തനിനിറം’ ഇതിനകം തന്നെ ന്യൂസ് മിനുട്ട് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിനാല്‍ ഈ പ്രചരണം ക്ലച്ചുപിടിച്ചില്ല.
മാത്രമല്ല ഔദ്യഗിക ജീവിതത്തില്‍ ‘കറപുരണ്ട’ ശ്രീജിത്ത് എന്ത് അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം പോലുള്ള കേസുകള്‍ അന്വേഷിക്കുക എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗവും കേസ് മോണിറ്റര്‍ ചെയ്യുന്നത്.’പണിപാളുമെന്ന്’ ഉറപ്പായതോടെ ശ്രീജിത്തിനെ ‘ബിഗ് ഡാഡി’ എന്ന പോലീസിന്റെ ഓപ്പറേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തോടെ അതും പൊളിഞ്ഞു.
ശ്രീജിത്തിനെ ഇങ്ങനെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ലെന്നിരിക്കെ ബോധപൂര്‍വ്വം ആരുടെ പ്രേരണയിലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നതെന്ന കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.മുന്‍പ് ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കിയതിനെതിരെയും വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ തസ്തികയില്‍ നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തരംഗം ശ്രീജിത്തിന് അനുകൂലമായും സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നത്. എന്നാല്‍ അത് ക്ലച്ച് പിടിച്ചില്ല.
ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനും ഡിജിപി സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി അടക്കമുള്ള ഉന്നതര്‍ രാഹുല്‍ പശുപാലന്റെയും രശ്മിയുടെയും അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് തന്നെ പരിശോധിക്കുന്നുണ്ട്.സംസ്ഥാന പോലീസില്‍ മോശം പ്രതിച്ഛായയും ക്രിമിനല്‍ വിജിലന്‍സ് കേസുകളില്‍ പ്രതിയുമായ ഉദ്യോഗസ്ഥന് സുപ്രധാനമായ ഇത്തരം അന്വേഷണ ചുമതല നല്‍കിയതിന് ഡിജിപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണിത്.