സംസ്ഥാനത്ത് പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്നവരുടെ അമരക്കാരന്‍ അച്ചായന്‍ ജോഷി വളര്‍ന്നത് ഭരണത്തണലില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്ന ജോഷി ജോസഫിനെ തെളിവെടുപ്പിനായി കൊച്ചിയിലെത്തിച്ചു. ഇടപ്പള്ളി പോണേക്കര വെസ്റ്റിലുള്ള ഇയാളുടെ വീട്ടില്‍ രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥന്‍ വിജയന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

വീട്ടില്‍ നിന്നും ഇയാളുടെ പേരിലുള്ള വാഹനത്തിന്റെ ആര്‍സി ബുക്കും ഡയറികളും പോലീസ് കണ്ടെടുത്തു. ഉച്ചയ്ക്ക് 12 ഓടെ ജോഷിയുമായി സംഘം ആലപ്പുഴയിലുള്ള ഇയാളുടെ രണ്ടാമത്തെ വീട്ടിലേക്ക് പോയി. ജോഷിയെ കൊച്ചിയിലെത്തിച്ചു തെളിവെടുപ്പു നടത്തുന്നതിലൂടെ വരും ദിവസങ്ങളില്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.joshy online

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പെണ്‍വാണിഭ സംഘത്തിന്റെ ‘അച്ചായന്‍’ ജോഷി ജോസഫിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ഭരണസംഘമാണെന്നു പറയാം . സംസ്ഥാനത്തെ ഇളക്കിമറിച്ച പ്രമാദമായ പറവൂര്‍, വരാപ്പുഴ കേസുകള്‍ അടക്കം ഡസനിലേറെ പെണ്‍വാണിഭ കേസുകളില്‍ പ്രതിയാണ് ജോഷി. സംസ്ഥാനത്ത് പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്നവരുടെ അമരക്കാരനാണ് ജോഷിയെന്ന് പകല്‍ പോലെ വ്യക്തമായിട്ടും അന്വേഷണ സംവിധാനത്തിന്റെ മൂക്കിന് താഴെയിരുന്ന് ഇയാള്‍ ഹൈടെക് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുകയായിരുന്നു. പറവൂര്‍, വരാപ്പുഴ കേസുകളിലടക്കം പ്രതികള്‍ക്ക് അനുകൂലമായി സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളാണ് മാംസക്കച്ചവടത്തിന് പുതിയ ചതിക്കുഴികള്‍ ഒരുക്കാന്‍ ജോഷിക്ക് സഹായകമായത്.

56 കേസുകളും 150ലധികം പ്രതികളുള്ള പറവൂര്‍ പീഡനത്തിലെ പ്രധാനിയാണ് ജോഷി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്ത് കേസുകളില്‍ മാത്രമാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. പകുതിയോളം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് കൂടിയില്ല. ജോഷി പ്രതിയായ കേസ് വിചാരണയിലാണ്. ഒറ്റ കേസായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ഇരയായ പെണ്‍കുട്ടി പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. പ്രത്യേക കോടതിയില്‍ വിചാരണ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പെറ്റി കേസുകള്‍ ഉള്‍പ്പെടെ ഈ കോടതിയില്‍ പരിഗണിക്കുന്നുണ്ട്. വിചാരണ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടന്നു. ഇപ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചൊഴിഞ്ഞു. നേരത്തെ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചതിന് അസിസ്റ്റന്റ് സ്‌പെഷ്യല്‍ പ്രേസിക്യൂട്ടറെ പുറത്താക്കിയിരുന്നു.

ഇതോടെ വിചാരണ അനിശ്ചിതത്വത്തിലാണിപ്പോള്‍. പെണ്‍കുട്ടി ഭൂരിഭാഗം ദിവസങ്ങളിലും കോടതി കയറിയിറങ്ങുമ്പോള്‍ കുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍വാണിഭ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേസില്‍ നീതി നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥ ശ്രമം സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നെങ്കില്‍ ജോഷിയെ തടയാമായിരുന്നു.
ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍വാണിഭം നടത്തുമെന്ന് ജോഷി ഉള്‍പ്പെടെയുള്ളവര്‍ വെല്ലുവിളിച്ചിരുന്നതായി പറവൂര്‍ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു. ജോഷിയും പറവൂര്‍ കേസിലെ മറ്റൊരു പ്രതിയായ ജോസുമാണ് കൊച്ചിയില്‍ പെണ്‍വാണിഭം നിയന്ത്രിക്കുന്നത്. ജോഷിയുടെ മകനും മകന്റ ഭാര്യയും ഇതില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷിച്ച പോലീസ് ജോഷിയുടെയും സംഘത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം നീട്ടിയില്ല. നിരവധി വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ജോഷി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയില്ലാതെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പോലീസ്. പെണ്‍കുട്ടികളില്‍ പലരും കുടുംബവമായി കഴിയുന്നതാണെന്നതും പോലീസിനെ പിന്തിരിപ്പിച്ചു. മൂന്ന് പതിറ്റാണ്ടായി പെണ്‍വാണിഭ ബിസിനസ് ചെയ്യുന്ന ജോഷിയുടെ ബന്ധങ്ങള്‍ നിരീക്ഷിക്കാന്‍ പോലും പോലീസിനായില്ല. വരാപ്പുഴ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവിനെതിരെ വരെ ആരോപണമുയര്‍ന്നിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ വന്‍കിട മുതലാളിമാരുമായുള്ള ബന്ധവും ജോഷിയുടെ തുണക്കെത്തി.

പറവൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികള്‍ ഇപ്പോഴും പെണ്‍വാണിഭ ബിസിനസ്സില്‍ സജീവമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ടി.ബി. മിനി പറഞ്ഞു. സര്‍ക്കാരിന്റെ പരാജയമാണിത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top