
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം .സംഭവത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ നീട്ടിയിരുന്നു. ഇത് വീണ്ടും നീട്ടാൻ നിയമപരമായി സാധിക്കില്ലെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ പത്രപ്രവർത്തക യൂണിയൻ നേതാക്കളുമായ കൂടിയാലോചിച്ച ശേഷമാണ് നിയമനം നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് പ്രതിരോധ വിഭാഗത്തില്‍ പ്രത്യേക ഓഫീസറായി നിയമിക്കുമെന്നാണ് വിവരം. ശ്രീറാം വെങ്കിട്ട രാമന്റെ സസ്‌പെന്‍ഷന്‍ ഇനിയും നീട്ടിയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടിതിയുടെ വിമര്‍ശനവും നേരിട്ടേക്കാം. ഇതൊഴിവാക്കാനാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. കേസില്‍ പ്രതിയായതോടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്റ് ചെയ്തത്. പിന്നീട് വകുപ്പ് തല അന്വേഷണം നടന്നു. ഇതില്‍ ശ്രീറാം കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ജനുവരിയില്‍ ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള നീക്കം വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ മൂന്ന് മാസം കൂടി നീട്ടി. തൊട്ടുപിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവില്ലെന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ സഞ്ജയ് ഗാര്‍ഗ് ഐഎഎസിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഭാവിയില്‍ കോടതി വിധി എതിരായാല്‍ നടപടിയെടുക്കാമെന്നാണ് ധാരണ. ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീറാമിന് ഒപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്.
മദ്യപിച്ച് അമിത വേഗതയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് വഫ ഫിറോസിന് പിഴ ചുമത്തിയിരുന്നു. ഇക്കാര്യം കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. അമിതവേഗതയില്‍ വാഹനം ഓടിക്കാന്‍ വഫ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഐപിസി 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും കുറ്റപത്രിത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ നൂറ് സാക്ഷികളുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിക്കുന്നത്. കവടിയാറിലെ ഫ്ളാറ്റില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം.