മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണ പരമ്പരയ്ക്ക് പിന്നില്‍ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരുടെ പങ്ക് പുറത്ത്. ഇവരുടെ കുടുംബ ഫാക്ടറിയിലാണ് ബോംബ് നിര്‍മ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ രണ്ട് സഹോദരങ്ങളും ചാവേറായി പൊട്ടിത്തെറിച്ചു.
ബോംബുസ്‌ഫോടനങ്ങള്‍ക്ക് നിമിഷങ്ങള്‍ക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശ്രീലങ്കന്‍ ഇന്റലിജന്‍സിനാണ് വിവരങ്ങള്‍ ലഭിച്ചത്. ഒരു ചാവേര്‍ ബോംബറുടെ ക്‌ളോസപ്പ് ദൃശ്യങ്ങള്‍ കിട്ടിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ കത്തീഡ്രലിലേക്ക് തോളത്തൊരു ബാഗുമായി വളരെ ലാഘവത്തോടെ തന്നെ നടന്നു കയറവേ അയാള്‍ അവിടെ നിന്ന ഒരു പിഞ്ചു കുഞ്ഞിന്റെ തലമുടിയില്‍ തഴുകുക പോലും ചെയ്തു.
നേരെ പള്ളിക്കകത്തു ചെന്ന് തന്റെ ബാഗില്‍ നിറച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ട്രിഗര്‍ ചെയ്ത അയാള്‍ ചിന്നിച്ചിതറിച്ചത് അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന നിരപരാധികളായ 67 വിശ്വാസികളെയായിരുന്നു. ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ്. ആ കുടുംബത്തിലെ മക്കളാണ് ചാവേറായി പൊട്ടിത്തെറിച്ച ഏഴംഗ സംഘത്തിലെ രണ്ടു പേര്‍. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്നിങ്ങനെയായിരുന്നു ആ സഹോദരന്മാരുടെ പേരുകള്‍.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്തു. പക്ഷെ, അവര്‍ക്ക് പിടി കൊടുക്കാന്‍ മനസ്സില്ലാതെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബിനെ ട്രിഗര്‍ ചെയ്തു. സ്ഫോടനത്തില്‍, ഫാത്തിമ, അവരുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികള്‍, അവരെ അന്വേഷിച്ചു ചെന്ന പൊലീസ് ഇന്‍സ്പെക്ടര്‍, രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു.
കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിര്‍മാണ ഫാക്ടറിയാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാമുള്ള ബോംബ് നിര്‍മാണ ഫാക്ടറിയായി പ്രവര്‍ത്തിച്ചതെന്നു പറയപ്പെടുന്നു. ഇവിടെ നിര്‍മിച്ച സ്റ്റീല്‍ ബോള്‍ട്ടുകളും , സ്‌ക്രൂകളും മറ്റുമാണ് ബോംബുകളില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം നിറച്ചത്. അവയാണ് നിരപരാധികളായ നൂറുകണക്കിനാളുകളുടെ ദേഹത്ത് തുളച്ചുകേറി അവര്‍ക്ക് ജീവാപായമുണ്ടാക്കിയത്.
കൊളോസസ് കമ്പനിയുടെ മാനേജര്‍ അടക്കം ഒമ്പത് ശ്രീലങ്കന്‍ വംശജരെ പൊലീസ് ചോദ്യം ചെയ്യാനായി ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വളരെ സമ്പന്നമായ ഒരു ജീവിതം നയിച്ചിരുന്ന, സുഖസൗകര്യങ്ങളില്‍ അഭിരമിച്ചിരുന്ന സഹോദരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഈ ക്രൂരകൃത്യം അവരുടെ സുഹൃദ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
കൊളംബോയിലെ ഏറ്റവും പോഷ് ആയ ഒരു ഏരിയയില്‍ 13 കോടിയോളം രൂപ വില വരുന്ന ഒരു മാളികയില്‍ തന്റെ ഭാര്യയോടും, എട്ടുവയസ്സുള്ള ഒരു മകള്‍, ആറ് , നാല്, രണ്ട് വയസ്സുള്ള മൂന്ന് ആണ്മക്കളോടും ഒപ്പമായിരുന്നു ഇന്‍ഷാഫ് താമസിച്ചിരുന്നത്. അവര്‍ക്ക് കൊളംബോയില്‍ ജൂവലറി വ്യാപാരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സാംബിയയിലേക്ക് പോവുന്നു എന്നും പറഞ്ഞാണ് ഇന്‍ഷാഫ് വീട്ടില്‍ നിന്നും പോയത്.
ഇന്‍ഷാഫിന്റെ സഹോദരന്‍ ഇല്‍ഹാമിന്റെ വീട്ടില്‍ റെയിഡ് ചെയ്യവെയാണ് ഭാര്യ ഫാത്തിമ ചാവേറായി പൊട്ടത്തെറിക്കുന്നത്. ഇല്‍ഹാമിന്റെയും ഇന്‍ഷാഫിന്റെയും അച്ഛന്‍ യൂനിസ് ഇബ്രാഹിം കൊളംബിയയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ് മാഗ്‌നറ്റായിരുന്നു. അദ്ദേഹത്തിന് സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമായിരുന്നു. ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെ അന്വേഷകരും ഈ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ആ ഏഴംഗ സംഘത്തിലുണ്ടായിരുന്ന മൗലവി സെഹ്റാന്‍ ഹാഷിം എന്നയാളാണ് ഈ പദ്ധതിയുടെ സൂത്രധാരന്‍ എന്നാണ് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാഷിം തന്നെയാണ് ബ്രിട്ടീഷ് സഹോദരങ്ങളായ അമേലിയുടെയും ഡാനിയേലിന്റെയും മരണത്തിനു കാരണമായ ബോംബ് പൊട്ടിച്ച ചാവേറും. ഹാഷിമിന്റെ ശ്രീലങ്കന്‍ തമിഴ് ഭാഷയിലുള്ള പ്രകോപനപരമായ പ്രഭാഷങ്ങള്‍ ഏറെ നാളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.