ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ചാവേര്‍ ഭീകരാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്; സ്‌ഫോടനം സംഗീത പരിപാടി അവസാനിക്കുന്ന സമയത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെ ഭീകരാക്രമണം. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രന്‍ഡെയുടെ സംഗീത പരിപാടിക്കൊടുവിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയില്‍ ആയിരങ്ങള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ചാവേറാക്രമണമെന്ന് സംശയിക്കുന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു.

bomb3

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ബ്രിട്ടനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഗീത പരിപാടി തീര്‍ന്ന ഉടനെയായിരുന്നു സ്റ്റേഡിയത്തിന് തൊട്ടുപുറത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഗായികയ്ക്ക് പരിക്കേറ്റിട്ടില്ല. ഭീകരാക്രമണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി. സ്‌റ്റേഡിയം മുഴുവന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌റ്റേഡിയത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ട കാറിനെക്കുറിച്ച് പൊലീസി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കാര്‍ ബോംബ് സ്‌ഫോടനമാണോ ഭീകരര്‍ നടത്തിയതെന്ന് വ്യക്തമായിട്ടില്ല. സ്‌റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത സംശയകരമായ മറ്റൊരു സ്‌ഫോടകവസ്തു വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കത്തീഡ്രല്‍ ഗാര്‍ഡനുസമീപത്തുവെച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കി.

bomb4

ഭീകരാക്രമണമുണ്ടായേക്കുമെന്ന ആശങ്കയില്‍ സ്റ്റേഡിയത്തിനടുത്തുള്ള വിക്ടോറിയ സ്‌റ്റേഷനില്‍നിന്ന് ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. അടിയന്തര സാഹചര്യം നേരിടുന്നതിന് ഭീകരവിരുദ്ധ സേനയിലെ ഉന്നതര്‍ ഇന്ന് ലണ്ടനില്‍ യോഗം ചേരുന്നുണ്ട്. സംഗീത പരിപാടികഴിഞ്ഞ് ആളുകള്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടെയാണ് ്‌സഫോടനമുണ്ടായത്.

അരിയാന ഗ്രന്‍ഡെ വേദിവിട്ട് 30 സെക്കന്‍ഡുകള്‍ക്കകം സ്‌ഫോടനമുണ്ടായതായി അവിടെയുണ്ടായിരുന്ന ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. അത്യുഗ്രന്‍ സ്‌ഫോടനമാണ് ഉണ്ടായത്. എന്താണ് സംഭവിച്ചതെന്നറിയാത്തതിനാല്‍, ആളുകള്‍ പരക്കം പായുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ടും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ദുരന്തമുണ്ടാകാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചവരെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അഭിനന്ദിച്ചു.

സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പൊലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയശേഷം അരീനയില്‍ പൊലീസ് അരിച്ചുപെറുക്കി. ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തി. സ്‌ഫോടനത്തില്‍ സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകള്‍ പോലും നടുങ്ങിവിറച്ചതായി അവിടുത്തെ താമസക്കാര്‍ പറഞ്ഞു.

ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീനയിലെ സ്റ്റേഡിയം. 2005 ജൂലൈയില്‍ ലണ്ടനിലെ ഗതാഗതസംവിധാനത്തിലുണ്ടായ ആക്രമണത്തിനുശേഷം ഉണ്ടാകുന്ന വലിയ അപകടമാണിത്. 52 പേരാണ് അന്നുണ്ടായ ആക്രമണത്തില്‍ മരിച്ചത്.

Top