മട്ടന്നൂരിൽ വീട്ടിനുള്ളിൽ സ്ഫോടനം രണ്ട് പേർ കൂടി പിടിയിൽ!

കണ്ണൂ‍ർ: മട്ടന്നൂർ നടുവനാട്ടിൽ വീട്ടിനുള്ളിൽ പസ്ഫോടനം നടന്ന സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായി . നടുവനാട് സ്വദേശി രജിത്ത്, കൊതേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവർത്തകനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂന്ന് പന്നിപടക്കം കണ്ടെടുത്തിരുന്നു. പൊട്ടിത്തെറിച്ച സ്ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങൾ പൊലീസ് വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്ഫോടക വസ്തു നിർമ്മാണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിപിഎം ശക്തി കേന്ദ്രമാണ് നടുവനാട്. ഇവിടെ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദ‍ർശിക്കാനെത്തിയ ഡിസിസി പ്രസിഡന്‍റ് സതീഷൻ പാച്ചേനി ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. തലശ്ശേരിയിൽ സിപിഐ നേതാവിന്‍റെ വീട്ടിലും ആർഎസ്എസ് കാര്യായലയത്തിന് നേരെയും ബോംബേറ് ഉണ്ടായി.

മട്ടന്നൂർ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള പന്നിപടക്കത്തിന്‍റെ നിർമ്മാണത്തിനിടെയാണ് പൊട്ടിതെറി ഉണ്ടായത്. ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. വീട്ടിൽ സ്ഫോടനം നടക്കുമ്പോൾ രാജേഷ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ മുമ്പ് നിരവധി കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കൈക്കും കഴുത്തിനും പരിക്കേറ്റ സിപിഎം പ്രവർത്തകന്‍ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Top