ശിവകാശി: അരങ്ങൊഴിഞ്ഞ ഇന്ത്യന്‍ സിനിമയിലെ താരറാണിയായ ശ്രീദേവി തന്റെ ജാവിത യാത്ര തുടങ്ങിയത് ശിവകാളിയിലെ മീനംപെട്ടി എന്ന ഗ്രാത്തില്‍ നിന്നാണ്. അപ്രതീക്ഷിതമായ ഈ വിടവാങ്ങലില്‍ ഈ ഗ്രാമവും തേങ്ങുകയാണ്. വിരുദ്ധ്നഗര്‍ ജില്ലയിലെ ശിവകാശി താലൂക്കിലെ മീനംപെട്ടി എന്ന ചെറുഗ്രാമത്തില്‍ നിന്നുമാണ് ശ്രീദേവി ജൈത്രയാത്ര തുടങ്ങിയത്
മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ അവരുടെ ജന്മഗൃഹത്തിന് മുന്നില്‍ ശ്രീദേവിയുടെ ബാല്യകാല ചിത്രങ്ങള്‍ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍. നാളെ മുംബൈയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോകാന്‍ ശേഷിയുള്ളവരൊന്നുമല്ല സാധാരണക്കാരായ ഗ്രാമവാസികള്‍. എങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഗ്രാമത്തിന്റെ മകള്‍ക്ക് യാത്രാമൊഴി ചൊല്ലുകയാണ് ഇവര്‍. ശ്രീദേവിയുടെ കുടുംബം മുപ്പത് വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നതായി കുടുംബ സുഹൃത്ത് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
ബാലതാരമെന്ന് നിലയ്ക്ക് ശ്രീദേവി സിനിമയില്‍ സജീവമായതോടെ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കി. അപ്രതീക്ഷിത വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ഗ്രാമവാസികള്‍. അവരെ എന്നും ഓര്‍മ്മിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ശ്രീദേവിയുടെ മുത്തച്ഛന്‍ പൊന്നുസ്വാമിയുടെ കാലം മുതല്‍ കുടുംബം മീനംപെട്ടിയിലാണ്. പൊന്നുസ്വാമിയുടെ രണ്ടു മക്കളാണ് അയ്യപ്പനും രാമസ്വാമിയും. അയ്യപ്പന്റെ മക്കളാണ് ശ്രീദേവിയും ശ്രീലതയും.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കെ. കാമരാജുമായി അയ്യപ്പന്‍ അടുപ്പം പുലര്‍ത്തിയിരുന്നു. അയ്യപ്പന്‍ 1989ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ശ്രീദേവി അവസാനമായി ജന്മനാട്ടില്‍ എത്തിയത്. തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ പരാജയപ്പെട്ടു.