സ്വന്തം ലേഖകൻ
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 99.47 ആണ് ഇത്തവണത്തെ വിജയശതമാനം.
കഴിഞ്ഞവർഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്.ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള റവന്യൂ ജില്ലാ പാലായും വിദ്യാഭ്യാസ ജില്ല കണ്ണൂരുമാണ്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41,906 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.
7,838 വിദ്യാർത്ഥികൾ എ പ്ലസ് നേടിയ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത്. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണയവും നടന്നത്. പോയ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഗ്രെയ്‌സ് മാർക്ക് ഇല്ല എന്നതും പ്രത്യേകതയാണ്.
എന്നാൽ മൂല്യനിർണയം ഉദാരമായിരുന്നു. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരമാവധി ഒരു വിദ്യാർത്ഥിക്ക് മൂന്ന് വിഷയത്തിന് സേ പരീക്ഷ എഴുതാം.