കണ്ണൂര്‍: നീറ്റ് പരീക്ഷ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കേരളത്തെ ലജ്ജിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയ സംഭവം. പരീക്ഷാ നിബന്ധനകളുടെ പേരില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച് അവഹേളിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിഎസ്ഇയുടെ പ്രാദേശിക ഡയറക്ടറില്‍നിന്നു വിശദീകരണവും തേടി.
ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരിലാണ് ഈ അപമാനം അരങ്ങേറിയതെന്നാണ് ആരോപണം. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടി എന്ന ന്യായീകരണത്തോടെയായിരുന്നു പരിശോധന. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.
അതേസമയം, പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നേരെ ഗുരുതര മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് പി.കെ. ശ്രീമതി എംപി ആരോപിച്ചു. അടിവസ്ത്രം വരെ ഊരി പരിശോധനയ്ക്കു വിധേയരാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും മനഃസമാധാനത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാനാകില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ മര്യാദയ്ക്കു നടപ്പാക്കാത്തവരാണു പ്രവേശനപ്പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അമിത വ്യഗ്രത കാണിച്ചതെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീമതി ആരോപിച്ചു.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിനു പകരം വിദ്യാര്‍ഥികളെ പീഡിപ്പിച്ചു മനസ്സമാധാനം കളയാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തിയവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും ശ്രീമതി വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കര്‍ശന നടപടിയുണ്ടാകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപുരം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിവാദ സംഭവം അരങ്ങേറിയത്. രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുന്‍പാണ് അധികൃതര്‍ വിദ്യാര്‍ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിച്ചത്. ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാ ഫോമില്‍ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താന്‍ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
പരീക്ഷാ ഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 18-19 പ്രായമുള്ള പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പരീക്ഷയെഴുതുന്നതെന്നും മകള്‍ പരീക്ഷാ ഹാളിലേക്ക് പോയി ഉടന്‍ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷാച്ചുമതലയുള്ളവര്‍ അടിവസ്ത്രം നിര്‍ബന്ധിച്ച് ഊരിപ്പിച്ചെന്നാണ് മകള്‍ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി. നേരിട്ട അപമാനത്തില്‍ മനംനൊന്ത് കുട്ടികള്‍ പൊട്ടിക്കരയുകയായിരുന്നു.
ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്നു. കടുത്ത നിബന്ധനകളാല്‍ ഒരു മുസ്!ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാ സെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാ ഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു.