ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരില്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എന്തു നടക്കുമ്പോഴാണ് കൊച്ചു ലോഡ്ജുകളും ഹോട്ടലുകളും പൊലീസുകാര്‍ റെയ്ഡിന് വേദിയാക്കുന്നത്. പിടിക്കപ്പെടുന്നവരെ നിരനിരയായി കൊണ്ടു പോയി പത്രങ്ങളില്‍ ചിത്രവും നല്‍കി അപമാനിക്കല്‍ ഇനി നടക്കില്ല. ലോഡ്ജ് മുതലാളിമാരെ വിരട്ട് കൈക്കൂലിയും പൊലീസുകാര്‍ക്ക് അന്യമാവുകയാണോ? സ്വകാര്യമായ ലൈംഗികത്തൊഴില്‍ നിരോധിച്ചിട്ടില്ലാത്ത രാജ്യത്ത് ഇതിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായവരെ ബുദ്ധിമുട്ടിക്കാനോ ക്രിമിനല്‍ നടപടിയെടുക്കാനോ പൊലീസ് തയ്യാറാകരുതെന്ന് സുപ്രീംകോടതിയുടെ പാനല്‍ നിര്‍ദ്ദേശിച്ചതാണ് ഇതിന് കാരണം.
2011ല്‍ നിയമിച്ച പാനലാണ് ഇത്തരം സുപ്രധാന നിര്‍ദ്ദേശങ്ങളോടെ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്. ചുവന്ന തെരുവുകളിലെ വൃത്തിയില്ലാ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ പൊലീസ് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നതായാണ് പാനലിന്റെ കണ്ടെത്തല്‍. സമ്മതത്തോടെയുള്ള ലൈംഗികത്തൊഴിലും വേശ്യാലയം നടത്തലും നിയമവിരുദ്ധമല്ലാത്തിടത്തോളം തൊഴില്‍ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യരുത്. ഇവരെ ദ്രോഹിക്കുകയോ ഇരകളായി ചിത്രീകരിക്കുകയോ ചെയ്യരുത് പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടെ അനാശാസ്യത്തിന്റെ പേരിലെ റെയ്ഡുകളും അവസാനമാകും.
അസാന്മാര്‍ഗ്ഗികത തടയല്‍ നിയമം(ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട്) ദുരുപയോഗം ചെയ്യാതിരിക്കാന്‍ നിയമത്തില്‍ നിന്ന് ‘പ്രലോഭനം’ എന്ന കുറ്റം ഇല്ലാതാക്കണമെന്നും പാനല്‍ പറയുന്നു. ലൈംഗികവൃത്തിക്കായി പ്രലോഭിപ്പിച്ചാല്‍ 500 രൂപ പിഴവും ആറുമാസം തടവുമാണ് വ്യവസ്ഥ ചെയ്യുന്നത്. അന്തസുള്ള ജീവിതമാഗ്രഹിച്ച് ലൈംഗികത്തൊഴില്‍ വിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗരേഖയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള പാനല്‍ നിര്‍ദ്ദേശിക്കുന്നു. ദാരിദ്ര്യം കൊണ്ടാണ് ഇന്ത്യയിലെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴിലിനിറങ്ങുന്നത്.
ലൈംഗികത്തൊഴില്‍ ചെയ്യുന്ന 18 വയസ് കഴിഞ്ഞവരെ 10 കൊല്ലം തടവിലാക്കാന്‍ അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യണം. തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടില്ലാത്ത പക്ഷം ഇവരുടെ രക്ഷിതാക്കള്‍ക്കോ പങ്കാളികള്‍ക്കോ കുട്ടികള്‍ക്കോ എതിരെ നടപടിയെടുക്കരുത്. പരസ്യമായ ലൈംഗികത്തൊഴില്‍ നിയമവിധേയമല്ലാത്തതിനാല്‍ അത് ചെയ്യുന്നവരെ പരിഹാരശാലകളിലേക്കാണ് അയയ്‌ക്കേണ്ടത്,? ജയിലിലേക്കല്ല കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.