അഹമ്മദാബാദ്: ശരിരാവയവങ്ങള്‍ ദാനം ചെയ്യാന്‍ ആത്മഹത്യ കുറിപ്പെഴുതി വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ തൂങ്ങിമരിച്ചു.
അഹമ്മദാബാദിലെ ഫീര്‍ദ്രുസ് അമൃത് സ്‌കൂളിലെ ക്ലാസ് ലീഡര്‍ കൂടിയായ രജനീഷ് നകും എന്ന വിദ്യാര്‍ത്ഥിയാണ് തൂങ്ങി മരിച്ചത്.
.തിങ്കളാഴ്ച ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് ക്ലാസ് ലീഡര്‍ എന്ന നിലയില്‍ രജനീഷ് എല്ലാ കുട്ടികളോടും പുറത്തേക്ക് പോകുവാന്‍ ആവശ്യപ്പെട്ടു. സ്വന്തം ശരീരാവയവങ്ങള്‍ ദാനം ചെയ്യണം എന്നാണ് രജനീഷ് നകും എന്ന വിദ്യാര്‍ത്ഥി എഴുതിവച്ചിരുന്നത്.
ഇതിന് ശേഷം ബാഗില്‍ സൂക്ഷിച്ച കയര്‍ ഉപയോഗിച്ച് കുരുക്ക് തീര്‍ത്ത് രജനീഷ് സ്വയം തുങ്ങുകയായിരുന്നു. കുറേ കഴിഞ്ഞും ക്ലാസ് റൂം തുറക്കാത്തതിനാല്‍ ക്ലാസ് തള്ളി തുറന്ന വിദ്യാര്‍ത്ഥികളാണ് രജനീഷ് തൂങ്ങിനില്‍ക്കുന്ന കാഴ്ച കണ്ടത്.
പിന്നീട് സ്‌കൂള്‍ അധികൃതരും പിന്നീട് പോലീസും നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ ആത്മഹത്യയ്ക്കുള്ള കാരണം പറയുന്നില്ലെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും രജനീഷിന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന ഷാഹിയാബാദ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.