മനുഷ്യ ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യരുത്; അവയവദാന പ്രതിജ്ഞ ചെയ്ത യുവാവിനെതിരെ മദ്രസയുടെ ഫത്വ

അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് മദ്രസ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് സംഭവം. അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇസ്ലാം മതത്തിന് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസ ഇത്തരത്തില്‍ ഒരു ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ രാമാ ഡെന്റര്‍ കോളേജ് ഡയറക്ടറായ ഡോ.അര്‍ഷദ് മന്‍സൂരിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. കാണ്‍പൂരിലെ ജിഎസ്വിഎം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനായ മരണാന്തരം മൃതദേഹം വിട്ടുനല്‍കാമെന്ന് ഇദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. 2006 ല്‍ ഡെന്റല്‍ കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി മരണാനന്തരം മൃതദേഹം വിട്ടുനല്‍കാമെന്നും, രോഗികള്‍ക്ക് ആവശ്യം വരികയാണെങ്കില്‍ അവയവങ്ങള്‍ ദാനം ചെയ്യാമെന്നും പ്രതിജ്ഞ ചെയ്തിരുന്നു. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. സഹജീവികളെ സഹായിക്കണമെന്നുള്ളത് എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യമാണ് അത് മാത്രമെ ഞങ്ങള്‍ ചെയ്യുന്നുള്ളു- ഡോ. മന്‍സൂരി പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് എഹ്സാനുല്‍ മദ്രസ രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ ശരീരമെന്നത് അല്ലാഹുവിന്റെ ഉപകരണമാണ്. അത് ദാനം ചെയ്യരുതെന്നാണ് മദ്രസ അധികൃതരുടെ വാദം. മനുഷ്യന് അവന് സ്വന്തമായുള്ള വസ്തുവകകള്‍ മാത്രമെ ദാനം ചെയ്യാന്‍ പാടുള്ളു. നമ്മുടെ ശരീരം എന്നത് അല്ലാഹുവിനുള്ളതാണ്. മരണത്തിനുശേഷം ശരീരം എല്ലാ ബഹുമതികളോടും കൂടെ അടക്കേണ്ടതാണ്. അല്ലാതെ അവ ദാനം ചെയ്യാന്‍ നമുക്ക് അധികാരമില്ല. മുഫ്തി സയിദ് അസ്ഫര്‍ ഹുസൈന്‍ എന്ന മതപണ്ഡിതന്‍ പറയുന്നു.

Top