കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഫര്‍ഹാസിന്റെ കുടുംബം. സ്ഥലം മാറ്റ നടപടിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയുടെ കുടുംബം കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇനി ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. കുറ്റാരോപിതരായവരെ പൊലീസ് സംരക്ഷിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. ഏത് അറ്റം വരെയും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മരിച്ച ഫര്‍ഹാസിന്റെ സഹോദരന്‍ റഫീഖ് പറഞ്ഞു.
അപകടത്തിന് ശേഷവും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നും കുടുംബം ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഡിവൈഎസ്പി അവഹേളിച്ചു. പൊലീസ് മദ്യ ലഹരിയിലായിരുന്നു എന്നും കുടുംബത്തിന്റെ ആരോപണമുണ്ട്.
പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ വാഹനത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വെപ്രാളത്തില്‍ വിദ്യാര്‍ത്ഥികള്‍ വാഹനമെടുത്ത് പോയതോടെ പൊലീസ് പിന്തുടരുകയായിരുന്നു.