ബംഗളുരു: അമൃത വിശ്വവിദ്യാപീഠത്തിൻ്റെ ബംഗളുരുവിലുള്ള അമൃത കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥിയായ ശ്രീ ഹർഷയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ നടന്നിരിക്കുന്നത്. ഏഴാം നിലയിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു.
കോളേജ് അധികൃതരുടെ പീഡനത്തിൽ മനംനൊന്താണ് ശ്രീ ഹർഷ ആത്മഹത്യ ചെയ്തതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതിനാൽത്തന്നെ അവർ സമരം ശക്തമാക്കുകയാണ്. അമർതാനന്ദമയി നേരിട്ടെത്തി പ്രശ്നം പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഷയത്തിൽ അമ്മ പ്രതികരിക്കണമെന്നും ഇവർ ആവശ്യപ്പെചടുന്നുണ്ട്. അമൃത വിശ്വ വിദ്യാപീഠത്തിന്റെ ചാൻസലറും ചർച്ചയ്ക്ക് എത്തണമെന്നാണ് ആവശ്യം. ശ്രീ ഹർഷയുടെ ആത്മഹത്യയെത്തുടർന്നുള്ള പ്രതിഷേധം ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്.
ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും ശ്രീ ഹർഷ സമരം ചെയ്തതിരുന്നു. ഇതിനെത്തുടർന്ന് ശ്രീ ഹർഷയെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ക്യാംപസ് ഇന്റർവ്യൂവിലൂടെ ശ്രീ ഹർഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളെജ് അധികൃതർ ഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ഹർഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
https://www.youtube.com/watch?v=jhTHbbALDTU
കുടിവള്ളത്തിനും ഭക്ഷണത്തിനും എതിരെ സമരം ചെയ്തുവെന്നാരോപിച്ചാണ് ശ്രീ ഹർഷയെ ക്ലാസിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നത്. അച്ഛനോട് തിങ്കളാഴ്ച വരാനും ആവശ്യപ്പെട്ടു. ആന്ധ്രാ പ്രദേശിൽ നിന്ന അച്ഛൻ എത്തിയെങ്കിലും അദ്ദേഹത്തിന് അധികൃതർ കോളേജിലേക്ക് പ്രവേശനം നൽകിയില്ല. ഈ സമയത്താണ് ശ്രീ ഹർഷ കോളേജിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികൾ സംഘടിത പ്രതിഷേധത്തിന് എത്തി. മാധ്യമങ്ങളും ചർച്ചയാക്കി. ഇതോടെ പൊലീസിനും നടപടികൾ എടുക്കേണ്ടി വന്നു.
എന്നാൽ സ്വാധീന തണലിൽ ഈ കേസെല്ലാം അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ആത്മഹത്യ നടന്ന ഉടൻ തന്നെ അധികൃതർ രക്തക്കറ കഴുകിക്കളയുകയും വീഡിയോ രേഖകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നും ആരോപണമുണ്ട്. കൂടാതെ വിദ്യാർത്ഥികളെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചവരുടെ ഫോൺ പിടിച്ചുവാങ്ങി അവ കോളേജ് സ്റ്റാഫുകൾ ഡിലീറ്റ് ചെയ്തു.
കുടിവള്ളമില്ലായ്മയും മോശം ഭഷണത്തിനെതിരേയും ശ്രീ ഹർഷയും കൂട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിൽ കോളേജിലെ ബസ് തല്ലി തകർത്തുവെന്നാണ് മാനേജ്‌മെന്റ് പറുന്നത്. ഈ വിഷയത്തിൽ ഹർഷ മാപ്പ് പറയണമെന്നായിരുന്നു കോളേജ് അച്ചടക്ക സമിതിയുടെ ആവശ്യം. എന്നാൽ അക്രമത്തിൽ പങ്കെടുത്തില്ലെന്നും അതുകൊണ്ട് തന്നെ മാപ്പു പറയില്ലെന്നും ഹർഷ വിശദീകരിച്ചു.
കുടിവെള്ളം ഇല്ലാത്തുമായി ബന്ധപ്പെട്ട പ്രതിഷേധം ആളികത്തിയപ്പോൾ മാനേജ്‌മെന്റ് ചർച്ച നടത്തിയിരുന്നു. വിചിത്രമായ നിലപാടാണ് അന്ന് മാനേജ്‌മെന്റ് എടുത്തത്. കുട്ടികളെ കളിയാക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സ്വാമി നടത്തിയത്. ചന്ദ്രയൻ രണ്ടിന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതു കാരണമാണ് കുടിവള്ള ടാങ്കറുകൾക്ക് പണം കൊടുക്കാൻ ഇല്ലെന്ന തമാശയാണ് ധനരാജ് സ്വാമി കുട്ടികളോട് നടത്തിയത്. തുടർന്ന് പ്രതിഷേധമുണ്ടായതിന്റെ പേരിൽ കുട്ടികളെ വെറുതെ പുറത്താക്കി.