ജോലി കിട്ടാത്ത മനോവിഷമത്തില്‍ യുവാവ് ഫ്‌ലൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്‌ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്‌ലൈ ഓവറിലാണ് സംഭവം. സൗരഭ് എന്ന മുപ്പതുകാരനാണ് ജോലി കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ബിഹാറിലെ ഭോജ്പൂരി സ്വദേശിയായ സൗരഭ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ദില്ലിയില്‍ താമസമാക്കിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് യുവാവ് ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിക്കുന്നത്.

ഉടന്‍ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ന്യൂ അശോക് ന?ഗറിലെ സൗരഭിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ഇയാളുടെ ഡയറി കണ്ടെത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ജോലി ലഭിക്കാത്തതിന്‍ വളരെയധികം മനോവിഷമത്തിലായിരുന്നു യുവാവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയത്. ദില്ലിയില്‍ രണ്ടര മാസത്തിന് മുന്നെയാണ് സൗരഭ് താമസം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ജോലി തേടി അലഞ്ഞുവെങ്കിലും ശ്രമം വിഫലമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബിഹാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കില്‍ ബിരുദം നേടിയ വിദ്യാര്‍ഥിയാണ് സൗരഭ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം യുവാവിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top