വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുകയും സംഘടനാ നേതൃത്വത്തിനെതിരെ ആരോപണവും ഉന്നയിച്ച സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു. നേരത്തെ വിശദീകരണം നൽകാൻ 15 ദിവസത്തെ സമയം അനുവദിച്ച് നോട്ടീസ് നൽകിയിരുന്നു. പിന്നീട് അത് 7 ദിവസമാക്കി ചുരുക്കിയിരുന്നു. എന്നാൽ അതിനും കാത്തു നിൽക്കേണ്ട എന്നാണ് ബിഡിജെഎസ് നേതൃത്വം ഇപ്പോൾ പറയുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് സൂചന.
ബിഡിജെഎസിലെ തർക്കങ്ങൾക്ക് പുതിയ തലം നൽകിയാണ് സുഭാഷ് വാസുവിനെ വിശദീകരണ കത്ത് ചോദിക്കാതെ തന്നെ പുറത്താക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്. സംസ്ഥാന കൗൺസിലും , ജില്ലാ നേതൃത്വങ്ങളും ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം എടുത്തിട്ടുണ്ട്. നിയമവശങ്ങൾ പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാണ് നേതൃത്വങ്ങളുടെ ആവശ്യം.
മിക്ക ജില്ലാ നേതൃത്വങ്ങളും പുറത്താക്കൽ പ്രമേയങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, സുഭാഷ് വാസുവിനെ പരസ്യമായി തള്ളിപ്പറയണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആവശ്യത്തോട് എൻഡിഎ ബിജെപി നേതൃത്വങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സുഭാഷ് വാസുവിന് ബിഡിജെഎസിലെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് എൻഡിഎ നേതൃമത്തിന്റെ ഈ മൗനം.
അതിനിടെ മാവേലിക്കരയിലെ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളജിന്റെ പേര് മഹാഗുരു കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്ന് മാറ്റാനായി സുഭാഷ് വാസു വിഭാഗം നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തുഷാർ വെള്ളാപ്പള്ളിക്കുണ്ടായിരുന്ന 25 ലക്ഷത്തിന്റെ ഷെയർ വാല്യു അനുസരിച്ച് ഒരു കോടിയായി തിരിച്ച് നൽകാനും നടപടികൾ ഉണ്ടാകും. ഒപ്പം 16 ന് ശേഷം, വെള്ളാപ്പള്ളി വിരുദ്ധ ചേരിയിലെ പ്രമുഖരെ നേരിൽ കണ്ട് സുഭാഷ് വാസു പിന്തുണയഭ്യർത്ഥിക്കും. ബിഡിജെഎസ് വിട്ടു പോയ മറ്റുള്ളവരെക്കൂടി ഒന്നിച്ച് നിർത്തി പോരാട്ടം ശക്തമാക്കാനാണ് സുഭാഷ് വാസുവിന്റെ തീരുമാനം എന്നാണ് വിവരം.