സ്വന്തം ലേഖകൻ
ആലപ്പുഴ: കൊല്ലത്തെ വിസ്മയയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് സംസ്ഥാനത്ത് വീണ്ടുമൊരു പെൺകുട്ടിയുടെ ദുരൂഹമരണം. ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്രയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മുറിയ്ക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
മൂന്ന് മാസം മുൻപായിരുന്നു സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.
രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയതെന്നാണ് ഭർതൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സുചിത്രയുടെ മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്തിടെയാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഉത്തരാഖണ്ഡിലേക്ക് പോയത്.