എച്ച്ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കർണാടകയിലെ ഹുബ്ളിയിലെ മൊറാബ് ഗ്രാമത്തിലാണു സംഭവം. 32 ഏക്കർ വിസ്തൃതിയുള്ള തടാകം വറ്റിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. എച്ച്ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ മാസം 29-നാണ് തടാകത്തിൽനിന്നു കണ്ടെടുത്തത്. പാതി മീൻ കൊത്തിയ നിലയിലായിരുന്നു മൃതദേഹം.
പ്രദേശത്തെ ജനങ്ങൾ ഈ തടാകത്തിൽനിന്നാണ് വെള്ളമെടുക്കുന്നത്. എന്നാൽ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തടാകത്തിലെ ജലത്തിൽ എച്ച്ഐവി വൈറസ് കലർന്നിട്ടുണ്ടാകുമെന്നാണു നാട്ടുകാർ വാദിച്ചത്. നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങാതെ മറ്റു മാർഗങ്ങളില്ലെന്ന് നവാൽഗുണ്ട് തഹസീൽദാർ നവീൻ ഹുള്ളുർ പറഞ്ഞു.
എട്ടു കുടിവെള്ള ടാങ്കറുകളുമായി കഴിഞ്ഞ ദിവസമെത്തിയ നാട്ടുകാർ, അധികൃതർ തടാകം വറ്റിച്ചില്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാത്രിയോടെ തടാകം വറ്റിക്കൽ ആരംഭിക്കുമെന്നാണു സൂചന. വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലിൽനിന്ന് വെള്ളം എത്തിച്ച് തടാകം നിറയ്ക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ.നാഗരാജ് പറഞ്ഞു. എച്ച്ഐവി വൈറസിന് എട്ടു മണിക്കൂറിൽ കൂടുതൽ വെള്ളത്തെ അതിജീവിക്കാൻ കഴിയില്ലെന്നും 25 ഡിഗ്രി സെന്‍റിഗ്രേഡിൽ കൂടുതൽ താപനിലയിൽ വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയിട്ട് ആറു ദിവസമായതിനാൽ വൈറസ് പടരുന്നതിനു യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.