കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മാത്രം 12,988 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സ്വയം ജീവനൊടുക്കിയവരില്‍ 2,946 സ്ത്രീകളും 401 കുട്ടികളും ഉള്‍പ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബ പ്രശ്നം കാരണം 4,172 പേരും രോഗം കാരണം 2,325 പേരും ജീവനൊടുക്കി. സാമ്പത്തിക പ്രയാസം കാരണം 822 പേരും കടക്കെണിയില്‍പ്പെട്ട് 28 പേരുമാണ് ആത്മഹത്യ ചെയ്തത്. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ കൊടികുത്തല്‍ സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടിയായാണ് കാനത്തിന്റെ പ്രതികരണം.
സുഗതന്‍ ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടിനാട്ടി പണി മുടക്കിയതിനാല്‍ ആണെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.