പുതുമയുള്ള കാഴ്ച്ചകളൊരുക്കാൻ കേരളത്തിൽ രാജ്യന്തര ചലച്ചിത്രോത്സവം; മുതിർന്ന നടി ശാരദയ്ക്ക് ആദവ് അർപ്പിച്ച് റെട്രോസ്‌പെക്റ്റിവ്

മലയാളത്തിന്റെ ശാരദയ്ക്ക് ചലച്ചിത്ര മേളയിൽ ആദരം

ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. ശാരദ നായികയായ ഏഴ് ചിത്രങ്ങൾ മലയാളം റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ ശാരദയ്ക്ക്  മേള ആദരമർപ്പിക്കുന്നത്.ഡിസംബര്‍ ഏഴിന് ശാരദയുടെ സാന്നിദ്ധ്യത്തിൽ  സംവിധായകൻ  അടൂര്‍ ഗോപാലകൃഷ്ണന്‍ റെട്രോസ്പെക്ടീവ് ഉദ്‌ഘാടനം ചെയ്യും. ആദ്യചിത്രമായി സ്വയംവരമാണ്  പ്രദര്‍ശിപ്പിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വയംവരത്തിന് പുറമെ എലിപ്പത്തായം, എ വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം ,കെ എസ് സേതു മാധവൻ സംവിധാനം ചെയ്ത യക്ഷി,പി ഭാസ്കരന്റെ ഇരുട്ടിന്റെ ആത്മാവ്,മൂലധനം,ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ നിത്യ വിസ്‌മയ ചിത്രങ്ങളാണ്  ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിൽ തുലാഭാരം,സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് മികച്ച നടിയ്ക്കുള്ള  ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലെ വിജയ എന്ന കഥാപാത്രം ശാരദയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും  ശാരദ തന്നെയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

മത്സര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകൻ.ആർ കെ കൃഷാന്താണ് വൃത്താകൃതിയിലുള്ള ചതുരം ഒരുക്കിയിരിക്കുന്നത്.പത്ത് വ്യത്യസ്ത ഭാഷകളിലായുള്ള മത്സര ചിത്രങ്ങളിൽ രണ്ട് ഹിന്ദി ചിത്രങ്ങളും ഉൾപ്പെടും .

ഫഹീം ഇർഷാദ് സംവിധാനം ചെയ്ത ‘ആനി മാനി’,റഹാത്ത് കാസ്മി സംവിധാനം ചെയ്ത ‘ദി ക്വിൽറ്റ്  എന്നിവയാണ് ഈ വിഭാഗത്തിലെ ഹിന്ദി ചിത്രങ്ങൾ.ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം കാമില,ബ്രെറ്റ് മൈക്കിൾ ഇന്നെസ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ചിത്രം ഫിലാസ് ചൈൽഡ് ,മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട് എന്നിവയും ഈ വിഭാഗത്തിൽ മാറ്റുരയ്ക്കും.

കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ  പ്രദർശിപ്പിച്ച  അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിൽ ഉണ്ട്.സീസർ ഡയസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്,
ജോ ഒഡാഗിരി സംവിധാനം ജപ്പാനീസ് ചിത്രം ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദി സെയിം, ഹിലാൽ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയൻ ചിത്രം വെൻ  ദി പെർസിമ്മൺസ് ഗ്രോ,ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ  ദി പ്രൊജക്ഷനിസ്റ്റ് എന്നീ  ചിത്രങ്ങളും മത്സര ചിത്രങ്ങളായുണ്ട്.

ചൈനീസ് ജീവിത വിശേഷങ്ങളുമായി ‘കൺട്രി ഫോക്കസ്’

സമകാലിക ചൈനീസ് ജീവിതത്തിന്റെ അഭ്രക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ നാല്  ചൈനീസ്  ചിത്രങ്ങൾ.ഷി-ഫൈ യുടെ  എ മംഗോളിയൻ ടെയ്ൽ,ഗേൾ ഫ്രം ഹുനാൻ,വാങ് ക്യുന്റെ എപ്പാർട്ട് ടുഗെതർ, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കൺട്രി ഫോക്കസ് എന്ന ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വീട്ടിലെ ദത്തു പുത്രനെ വിവാഹം ചെയ്യേണ്ടി വരുന്ന കൗമാരക്കാരിയുടെ ജീവിത കഥപറയുന്ന ചിത്രമാണ്  എ മംഗോളിയൻ ടെയ്ൽ.1995 ൽ മോൺട്രിയൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.

ഗർഭിണിയായിരിക്കെ ഉപേക്ഷിച്ചു പോയ കാമുകിയെ തേടി അര നൂറ്റാണ്ടിനു ശേഷം ഗ്രാമത്തിൽ തിരിച്ചെത്തുന്ന ചൈനീസ് പട്ടാളക്കാരന്റെ അനുഭവമാണ് എപ്പാർട്ട് ടുഗെതറിന്റെ പ്രമേയം.
പന്ത്രണ്ടു വയസുള്ള പെൺകുട്ടിയും രണ്ടു വയസുള്ള ആൺകുട്ടിയും തമ്മിലുള്ള വിവാഹവും തുടർന്നുള്ള ജീവിതവും പ്രമേയമാക്കിയ ചിത്രമായ  ഗേൾ ഫ്രം ഹുനാൻ റൂസ്റ്റർ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രഹണം ഉൾപ്പടെ വിവിധ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് .

പ്രൊജക്ടർ സിനിമകളെ ഡിജിറ്റൽ യുഗത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ചൈനീസ് സാങ്കേതിക വിദ്യയെക്കുച്ചുള്ള ചർച്ചയും ഈ വിഭാഗത്തിന്  അനുബന്ധമായുണ്ട്.

Top