നിര്‍മ്മല സീതാരാമന്‍ ഇന്ന് കേരളതീരം സന്ദര്‍ശിക്കും;കണ്ടെത്താനുള്ളത് 96 പേരെ; ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനം ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനത്തിനിടെ ഞായറാഴ്ച നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നാവിക സേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും പുറമെ മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തനത്തിനായി കടലിലേക്ക് പോയിട്ടുണ്ട്.

അതിനിടെ ഓഖി ചുഴലിയുടെ ശക്തി കുറഞ്ഞു. കേരളത്തിലെ തീരത്ത് നിന്ന് ചുഴലി മാറിയിട്ടുണ്ട്. ഇതോടെ പേമാരിയും കാറ്റും കേരളത്തില്‍ കുറഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനത്തിനും കരുത്താവുകയാണ്. ദുരന്തം വിലയിരുത്തുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സംസ്ഥാനത്ത് എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രിയെ സംസ്ഥാന മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി കന്യാകുമാരിയിലേക്ക് പോയി. ഇന്നും നാളെയും മന്ത്രി സംസ്ഥാനത്തുണ്ടാകും. കേരളത്തിലെ സ്ഥിതികള്‍ വിലയിരുത്തും. അതിനിടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു.

സംസ്ഥാനത്ത് 96 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്ന് റവന്യൂ, മത്സ്യവകുപ്പുകള്‍. എന്നാല്‍, യഥാര്‍ഥകണക്ക് ഇതിനേക്കാള്‍ വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 690 പേരെ രക്ഷപ്പെടുത്തി. (തിരുവനന്തപുരം -197, കൊല്ലം -54, ആലപ്പുഴ -25, എറണാകുളം -43, തൃശ്ശൂര്‍ -73, കോഴിക്കോട് -120, കണ്ണൂര്‍ -178, കാസര്‍കോട് -രണ്ട്).

63 പേരെ തുടര്‍ചികിത്സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1122 വീടുകള്‍ ഭാഗികമായും 74 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധജില്ലകളില്‍ 37 ദുരിതാശ്വാസക്യാമ്പുകളിലായി 1597 കുടുംബങ്ങളിലെ 6581 പേര്‍ കഴിയുന്നുണ്ട്. 747.86 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് ഞായറാഴ്ചത്തെ കണക്ക്. കാര്‍ഷികമേഖലയിലേതടക്കം 17.28 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികവിലയിരുത്തല്‍. മത്സ്യമേഖലയിലെ നഷ്ടം കൂടാതെയാണിത്.

മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലക്ഷദ്വീപിനപ്പുറത്തേക്കും നാവികസേന തിരച്ചില്‍ ആരംഭിച്ചു. ബോട്ട് ഉപേക്ഷിച്ചുവരാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഇന്ധനവും വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെത്തിയ മത്സ്യത്തൊഴിലാളികളെ വിമാനത്തില്‍ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോയ ബോട്ടില്‍ത്തന്നെ തിരിച്ചുവരാന്‍ ശ്രമിക്കുന്നവരുടെ ബോട്ടുകള്‍ക്ക് തീരസംരക്ഷണസേന അകമ്പടിനല്‍കുമെന്ന് കമാന്‍ഡര്‍ എന്‍. തിവാരി അറിയിച്ചു.

ലക്ഷദ്വീപ് മേഖലയില്‍ നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് നീങ്ങി ചൊവ്വാഴ്ചയോടെ ദുര്‍ബലമാകുമെന്ന് കരുതുന്നു. കേരള, ലക്ഷദ്വീപ് തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നതിനാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടലിലും 48 മണിക്കൂര്‍ നേരത്തേക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Top