ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു

കൊച്ചി :മുഖ്യപ്രതിയായ സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു അമ്മയുടെ മൊഴിയെടുത്തു. തനിക്ക് ചിട്ടിയില്‍നിന്നു ലഭിച്ച പണമാണ് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ് അമ്മ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുമ്ബാവുരിലെ യൂണിയന്‍ ബാങ്കുകളില്‍നിന്നാണ് പണം നിക്ഷേപിച്ചതെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ടു സുനിയുടെ ബന്ധുകളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് പ്രാഥമിക വിവരം. തനിക്കു പണം ആവശ്യമുണ്ടെന്നു ജലില്‍നിന്നു എഴുതിയ കത്തില്‍ സുനി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലാണ് അമ്മയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായ നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അതേസമയം ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പള്‍സര്‍ സുനിക്ക് പണം കൊടുത്ത് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്ന് പൊലീസ് കരുതുന്നുണ്ട്.
കസ്റ്റഡിയില്‍ നടന്‍ ദിലീപ് ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ മിക്കതും ഇദ്ദേഹം മറുപടി നല്‍കാതെ വിട്ടുകളയുകയാണ് ചെയ്തത്. എന്നാല്‍ അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വിവരം ഉള്‍പ്പെടുന്ന കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്‍റെ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.പ്രതിക്കെതിരെ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും തോല്‍ക്കാനായി ആരും കേസ് വാദിക്കാറില്ലെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ അഡ്വ. രാം കുമാര്‍ പറഞ്ഞു.
കേസില്‍ പ്രതിയായ ദിലീപിനെതിരെ ശക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദമാണ് അഡ്വ. രാം കുമാര്‍ പ്രധാനമായും വെള്ളിയാഴ്ച കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയായ പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ തരണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചു മണിവരെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.

Top