ബംഗളൂരു : പുതുവത്സരാഘോഷത്തില്‍ ബംഗളൂരുവിനെ ത്രസിപ്പിക്കാനാണ് സണ്ണി നൈറ്റ് പ്രഖ്യാപിക്കപ്പെട്ടത്. 8000 രൂപ വരെയുള്ള ടിക്കറ്റുകള്‍ അതിവേഗത്തിലാണ് വിറ്റുതീര്‍ന്നത്. എന്നാല്‍ കന്നഡ രക്ഷണ വേദികെ കടുത്ത എതിര്‍പ്പും ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. പിന്നാലെ സണ്ണി നൈറ്റിന് നിരോധനമേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ അറിയിപ്പും വന്നു. സണ്ണി നൈറ്റ് സംഘടിപ്പിച്ചാല്‍ തങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു കന്നഡ രക്ഷണ വേദികെയുടെ നേതാക്കളുടെ ഭീഷണി. കുട്ടിയുടുപ്പിട്ട് സണ്ണി അവതരിക്കുന്നത് കര്‍ണാടക സംസ്‌കാരത്തിന് അനുയോജ്യമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുമാത്രമല്ല സണ്ണി നൈറ്റിന് നിരോധനമേര്‍പ്പെടുത്താന്‍ കാരണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സണ്ണി നൈറ്റ് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് കേരള പൊലീസിന്റെ അഭിപ്രായം തേടിയിരുന്നു. ഓഗസ്റ്റില്‍ സണ്ണി ലിയോണ്‍ കേരളത്തിലെത്തിയപ്പോള്‍ ആരാധകരുടെ അനിയന്ത്രിതമായ തിരക്കുണ്ടായെന്നും ഇത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്നും കേരള പൊലീസ് റിപ്പോര്‍ട്ട് നല്‍കി. കൊച്ചിയിലുണ്ടായ ആള്‍ക്കൂട്ടം കുഴപ്പങ്ങള്‍ക്കിടയാക്കിയെന്നും വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച കര്‍ണാടക ആഭ്യന്തരവകുപ്പ് മറ്റൊരു വിലയിരുത്തല്‍ കൂടി നടത്തി. സണ്ണി ലിയോണിനെ കാണാനെത്തുന്നവരും പരിപാടിയെ എതിര്‍ക്കാനെത്തുന്നവരും ഒരുമിച്ച് വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.അതിനാല്‍ പരിപാടിക്ക് അനുമതി നിഷേധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.