സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശത്തിൻ്റെ പരിധിയിൽ..!! സുപ്രീം കോടതി വിധി പറഞ്ഞു

ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളിൽ പുറപ്പെടുവിക്കേണ്ട സുപ്രധാന വിധികളിൽ രണ്ടാമത്തേത് ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വിധിയാണ്  സുപ്രീം കോടതി ഇന്ന് പറഞ്ഞത്.

ഇക്കാര്യത്തിൽ ഡൽഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവയ്ക്കുകയാണ് ചെയ്തത്. ജഡ്ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിർണായകമാകും. പൊതു താൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഇന്ന് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു.

2009 സെപ്റ്റംബറിലാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് നിര്‍ണായക വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചത്. സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ആ വിധിപ്രഖ്യാപനം.

നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാണപ്പെടേണ്ടതാണെന്നും അതില്‍ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭട്ട്, 72 പേജുള്ള വിധി പ്രസ്താവിച്ചത്. ഇദ്ദേഹം പിന്നീട് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുകയും ചെയ്തു. ജസ്റ്റിസ് ഭട്ടിന്റെ വിധിക്കെതിരെ സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. പക്ഷേ, 2010 ജനുവരി 12-ന്  ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ ജസ്റ്റിസുമാരായ വിക്രംജീത് സെന്‍, എസ്.മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ വിധിപ്രഖ്യാപനം ശരിവെച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിവരാവകാശ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍നിന്നും വിവരങ്ങള്‍ തേടാമെന്നുമായിരുന്നു ആ ചരിത്രവിധി. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണന് കനത്ത തിരിച്ചടിയായാണ് ഡല്‍ഹി ഹൈക്കോടതി വിധിയെ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തതും അദ്ദേഹമായിരുന്നു.

ജസ്റ്റിസ് എസ്. രവീന്ദ്രഭട്ടിന്റെ സിംഗിള്‍ബെഞ്ച് ഉത്തരവ് അതേപടി ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നതകോടതികളിലെ ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. വിവരാവകാശനിയമത്തില്‍ പറയുന്ന പബ്ലിക് അതോറിറ്റിയുടെ നിര്‍വചനത്തില്‍ സുപ്രീംകോടതിയും ഉള്‍പ്പെടും. നീതിപീഠം എത്രമാത്രം ഉന്നതമാണോ അത്രയും വലുതായിരിക്കണം പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം. സുപ്രീംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണം. സര്‍വീസ് ചട്ടപ്രകാരം കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ അവരുടെ സ്വത്ത് പരസ്യമാക്കേണ്ടതുണ്ട്. അവരുടേതിനെക്കാളും കുറവല്ല സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം തുടങ്ങിയവയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

സുപ്രീംകോടതി ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വാദം. എന്നാല്‍ ആ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേകാധികാരമോ അല്ലെന്നും വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ 2010 നവംബറിലാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ വരുന്നത്. 2016 ഓഗസ്റ്റില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിടുകയും ചെയ്തു. 2019 ഏപ്രിലിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്.

Top