ശശികല ഇന്ന് ബംഗലുരൂ കോടതിയില്‍ കീഴടങ്ങും; സാവകാശം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ചെന്നൈ: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങും. ബംഗളൂരുവിലെത്തി വിചാരണക്കോടതി മുമ്പാകെ ശശികല കീഴടങ്ങുക അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ഇത്. കീഴടങ്ങാന്‍ സാവകാശം ചോദിച്ച് ശശികല സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകന്‍. എന്നാല്‍ ഇന്നലത്തെ വിധിയില്‍ മാറ്റം വരുത്തില്ലെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചു നിന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അറിയില്ലേയെന്ന് സുപ്രീംകോടതി അഭിഷാകനോട് ചോദിച്ചു. ഇന്ന് അഞ്ച് മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കിയ ശശികലയുടെ ജയില്‍വാസം ആസന്നമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരും ഉടന്‍ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായതോടെ ഇന്നു തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ കീഴടങ്ങാമെന്നാണു കോടതിയില്‍ അറിയിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്നു സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ നാലുവര്‍ഷം തടവും പത്തുകോടി പിഴയും ശിക്ഷയെന്ന ഉത്തരവും കോടതി ശരിവച്ചിരുന്നു. കോടതി വിധി വന്നതിനുശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നു ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ഇവിടെനിന്നു വിമാനമാര്‍ഗമാകും ശശികല ബംഗളൂരുവിലെത്തുക.

അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കുപുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്നാട്ടില്‍നിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ല്‍ ജയലളിത ഇവിടെ 21 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചപ്പോള്‍ തമിഴ്നാട്ടില്‍നിന്നു ദിവസേന ആയിരക്കണക്കിനു പാര്‍ട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയില്‍പരിസരത്തു തമ്പടിച്ചത്. ജയലളിതയെയും ശശികലയെയും ഇളവരശിയെയും അന്ന് അടുത്തടുത്ത സെല്ലുകളിലാണു പാര്‍പ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്നതിനാല്‍ ജയലളിതയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു വിഐപി പരിഗണനയും ശശികലയ്ക്ക് ലഭിച്ചതുമില്ല. ഈ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. സാധാ തടവുകാരിയായി ശശികലയ്ക്ക് കഴിയേണ്ടി വരും.

ഈ സാഹചര്യം ഒഴിവാക്കാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ശശികലയുടെ ശ്രമം. ജയില്‍ അധികൃതരോട് ആരോഗ്യ കാരണങ്ങള്‍ നിരത്തും. അതിന് ശേഷം തടവ് ശിക്ഷ ജയിലില്‍ അനുഭവിക്കാനുള്ള സാഹചര്യവും തേടും. അതിനിടെ ജയില്‍ വാസം തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള കരുനീക്കവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന് കോടതിയുടെ അനുമതി അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ കോടതി ശശികലയ്ക്ക് എതിരായി മാത്രമേ നിലപാട് എടുക്കൂവെന്നും സൂചനയുണ്ട്. ഇതോടെ തമിഴ്നാട്ടില്‍ തങ്ങി ഭരണത്തെ നിയന്ത്രിക്കാനുള്ള സാഹചര്യവും ശശികലയ്ക്ക് ഇല്ലാതാവുകയാണെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച ശശികലയുടെ ജയില്‍വാസം ഉറപ്പായിട്ടും വലിയൊരു പ്രതിഷേധം തമിഴ്നാട്ടില്‍ ഉണ്ടാകുന്നില്ല. അതിനിടെ ശശികല പിന്മാറുന്നതോടെ കൂടുതല്‍ കരുത്തനാകാനുള്ള സാധ്യത പനീര്‍ശെല്‍വവും തേടുന്നുണ്ട്.

അതിനിടെ ജയിലിലേക്കു പോകും മുന്‍പ്, അണ്ണാ ഡിഎംകെയിലെ മന്നാര്‍ഗുഡി സംഘത്തെ ശക്തിപ്പെടുത്താന്‍ ശശികലയുടെ ശ്രമവും ഉണ്ടായി. ഇതിന്റെ ഭാഗമായി ജയലളിത പണ്ടു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ അവര്‍ തിരിച്ചെടുത്തു. ടി.ടി.വി. ദിനകരനേയും ഡോ. വെങ്കിടേഷനെയുമാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. മാത്രമല്ല, ദിനകരനെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു. ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരന്‍. മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. തേനി കേന്ദ്രീകരിച്ച് തെക്കന്‍ തമിഴ്നാട് ഭരിക്കുന്നതും ഇവരാണ്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ഉള്‍പ്പെടെ ജയലളിതയുടെ അനിഷ്ടത്തിന് പാത്രമായി പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടവരെല്ലാം അവരുടെ മരണത്തിനുശേഷം തിരികെയെത്തി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദിനകരന്റെ തിരിച്ചുവരവ്.

ഈ സാഹചര്യവും പനീര്‍ശെല്‍വം ക്യാമ്പിന് പ്രതീക്ഷായാണ്. എഐഎഡിഎംകെയെ കൈയിലൊതുക്കാന്‍ മന്നാര്‍ഗുഡി മാഫിയ ശ്രമിക്കുന്നുവെന്ന വാദം ശക്തമാക്കാനാകും. ഇത് എംഎല്‍എമാരിലും പ്രതിഫലിച്ചാല്‍ പനീര്‍ശെല്‍വത്തിന് കാര്യങ്ങള്‍ അനുകൂലമാകും. നിലവില്‍ പളനി സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികല പക്ഷത്തിന്റെ തീരുമാനം. എന്നാല്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാമെന്ന് പനീര്‍ശെല്‍വവും പറയുന്നു. എങ്ങനേയും തമിഴ്നാട്ടില്‍ തങ്ങി പനീര്‍ശെല്‍വത്തെ തളര്‍ത്താനായിരുന്നു ശശികലയുടെ ശ്രമം. ഇതാണ് ജയില്‍വാസം ഉറപ്പിക്കുന്ന സുപ്രീംകോടതി വിധിയോടെ അപ്രസക്തമാകുന്നത്.

നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതിനാല്‍ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ശശികല പക്ഷവും പനീര്‍ശെല്‍വവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഭ വിളിച്ചുകൂട്ട് ഭൂരിപക്ഷം തെളിയിക്കാന്‍ ഇരുവരോടും ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

Top