സുപ്രീം കോടതി വിധി ഉടനുണ്ടാകില്ല: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പടയൊരുക്കത്തിൽ ശശികലയ്ക്ക് ആശ്വാസം

സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാനൊരുങ്ങവേ സർവവിധ തടസ്സങ്ങളും നേരിടേണ്ടിവരുന്ന ശശികലയ്ക്ക് താത്കാലിക ആശ്വാസം. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽനിന്ന് വിധി ഉണ്ടാകില്ല. ശശികലയുടെ സത്യപ്രതിജ്ഞാ കാര്യത്തിൽ ഗവർണറുടെ അന്തിമ തീരുമാനം ഉണ്ടാകുക സുപ്രീംകോടതി വിധിക്കു ശേഷമായിരിക്കും. അതുകൊണ്ടുതന്നെ തമിഴ്ജനത അടക്കം രാഷ്ട്രീയ ലോകം ഏറെ കാത്തിരിക്കുന്ന വിധിയാണിത്.
സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ശശികല പ്രതിയായ കേസ് ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഈയാഴ്ച വിധി പറയുമെന്ന് ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത, ശശികല, ഇളവരശി, വളർത്തുമകൻ സുധാകരൻ എന്നിവരെ കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് കാണിച്ച് കർണാടക സർക്കാരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ ജൂണിൽ വാദം പൂർത്തിയായ കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതൽ 96 വരെയുള്ള കാലയളവിൽ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസിൽ ജയലളിതയെയും കൂട്ടുപ്രതികളെയും വിചാരണകോടതി നാല് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്റ്റംബർ 27നായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേതുടർന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികൾക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്താണ് കർണാടക സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
കാവൽമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ പിന്തുണയ്ക്കുന്ന ഗവർണർ സി. വിദ്യാസാഗർ റാവു സുപ്രീംകോടതിവിധി ശശികലയ്ക്ക് എതിരാകുമെന്ന നിഗമനത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. പനീർശെൽവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഗവർണർ സുപ്രീംകോടതി വിധി പ്രതികൂലമാകുകയാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ശശികലയുടെ സത്യപ്രതിജ്ഞ തടയാമെന്നു കരുതുന്നു. സുപ്രീംകോടതി വിധി വരുന്നതുവരെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് പനീർശെൽവം ക്യാമ്പിൽ ആളെക്കൂട്ടുമെന്നും ഗവർണറുടെ കണക്കുകൂട്ടൽ ശരിയാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ശശികല പക്ഷത്തുള്ള പല പ്രമുഖ നേതാക്കളും അവരെ ഉപേക്ഷിച്ച് പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
Top