ആളുമാറി ശസ്ത്രക്രിയ; രോഗികളുടെ കയ്യിലെ ടാഗ് മാറിയെന്ന് വിശദീകരണം

നയ്‌റോബി: കെനിയയില്‍ ആളുമാറി തലയ്ക്ക് ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. കെനിയാറ്റ നാഷണല്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസമാണ് ശസ്ത്രക്രിയ നടന്നതെങ്കിലും സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗ് മാറിപ്പോയതാണു പ്രശ്‌നത്തിനു കാരണമായതെന്നാണു നിഗമനം. രോഗികളില്‍ ഒരാള്‍ക്ക് തലയില്‍ രക്തം കട്ടപിടിക്കുന്നത് മാറ്റാനും മറ്റൊരാള്‍ക്ക് തലയിലെ മുഴ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. പക്ഷേ ശസ്ത്രക്രിയ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തലയ്ക്കകത്ത് രക്തം കട്ടപിടിച്ചത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ആളുമാറി കാര്യം ഡോക്ടര്‍ മനസിലാക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗിയുമായി ഡോക്ടര്‍ സംസാരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. മാനേജ്‌മെന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉള്‍പ്പെടെ രംഗത്തെത്തി. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സര്‍ജന്‍, വാര്‍!ഡ് നഴ്‌സ്, തിയറ്റര്‍ നഴ്‌സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടാതെ ക്ലിനിക്കല്‍ സര്‍വീസിന്റെ സിഇഒയേയും ഡയറക്ടറെയും കെനിയന്‍ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ ചികില്‍സിച്ച ഡോക്ടറല്ല, ഓപ്പറേഷന്‍ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്‌സാണു ആളുമാറിപ്പോയതിന് ഉത്തരവാദിയെന്ന് സഹഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അതേസമയം, ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ സ്ഥിതി തൃപ്തികരമാണെന്നാണു വിവരം.

Top