നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. പിന്തുണ നൽകണമെന്ന് മഹാരാഷ്ട്ര സർക്കാരിനും നിർദേശം.

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
കേസിൽ ആരോപണവിധേയയാ റിയാ ചക്രബർത്തി നൽകിയ ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ഉത്തരവ്. കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബെയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും സുഹൃത്തുക്കളും ആദ്യം മുതൽ തന്നെ രംഗത്തെത്തിയിരുന്നു. മരണം നടന്ന് ഒരുമാസം പിന്നിട്ടപ്പോൾ താരത്തിന്‍റെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.

സുശാന്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ റിയക്കെതിരെ ഉന്നയിച്ച കുടുംബം ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്‍റെ ജന്മനാടായ ബീഹാറിലായിരുന്നു കുടുംബം പരാതി നൽകിയത്. എന്നാൽ ബീഹാറിൽ നിന്നും കേസ് മുബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് നിലവിൽ അന്വേഷിക്കുന്ന മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നതരായ പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ പൊലീസ് സംഘത്തോട് ഇവർ കാട്ടിയ നിസ്സഹകരണവും ആരോപണങ്ങൾക്കും സംശയങ്ങൾക്കും ബലം പകർന്നു. ഇതിനെ പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായത്. സുശാന്തിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഈ വിഷയം ഉന്നയിച്ച് ആഗോളതലത്തിൽ ക്യാംപെയ്നും നടന്നിരുന്നു.

തുടർന്നാണ് ഇന്ന് കോടതിയുടെ വിധി അനുകൂല വിധിയെത്തുന്നത്. ജസ്റ്റിസ് ഹൃഷികേഷ് റോയ് അധ്യക്ഷനായി ബഞ്ചിന്‍റെതാണ് ഉത്തരവ്. കേസിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ എല്ലാ സുപ്രധാന രേഖകളും ഉടൻ തന്നെ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.

Top