ന്യൂഡൽഹി: നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ അവസാനം സമ്മതിക്കുകയാണ്. പെൺകുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ട് എന്നും രഹസ്യഭാഗങ്ങളിൽ തൊടാൻ നിർബ്ബന്ധിച്ചിരുന്നു എന്നും ചിന്മയാനന്ദ അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റുപറഞ്ഞു. നാണക്കേടു കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുന്നില്ല എന്നും ചെയ്തുപോയ കാര്യങ്ങളിൽ കുറ്റബോധം തോന്നുന്നതായും ചിന്മയാനന്ദ വ്യക്തമാക്കി.
ചിന്മയാനന്ദ് കുറ്റം സമ്മതിച്ചതായി ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. തെളിവുകളായി നൽകിയ വീഡിയോകളിലെ ഉള്ളടക്കവും ചിന്മയാനന്ദ് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആരോപണത്തിൽ സത്യമുണ്ടെന്നും താൻ പെൺകുട്ടിയുമായി അശ്ളീല സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നതായും ചിന്മയാനന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മസാജ് ചെയ്യുമ്പോൾ അശ്ളീല കാര്യങ്ങൾ സംസാരിക്കുന്ന ചിന്മയാനന്ദ തന്റെ സ്വകാര്യ ഭാഗങ്ങളിൽ മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. ചെയ്തില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയിലായിരുന്നു പീഡനം.
താൻ ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.”വിദ്യാർത്ഥിനിയുടെ ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ്. നിഷേധിക്കുന്നില്ല. വിദ്യാർത്ഥിനിയോട് തുടർച്ചയായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു’ കൂടുതൽ കാര്യങ്ങൾ പറയാൻ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ നവീൻ അറോറ വ്യക്തമാക്കി.
മാനഭംഗം പോലെയുള്ള കടുത്ത കുറ്റം ചെയ്തിട്ടും അതിന്മേൽ കേസ് രജിസ്റ്റർ ചെയ്യാതെ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഡന ക്കുറ്റങ്ങളാണ് 72 വയസുകാരനായ ചിന്മയാനന്ദിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഷാജഹാൻപൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എൽഎൽഎം വിദ്യാർഥിനിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ചിന്മയാനന്ദിനെതിരേ തെളിവുകളായി 43 വീഡിയോകളടങ്ങിയ പെൻഡ്രൈവ് പരാതിക്കാരി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
ഫേസ്ബുക്കിലൂടെ പരാതി ഉന്നയിച്ചശേഷം പരാതിക്കാരിയെ കാണാതായത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതി കേസെടുത്തതിനു പിന്നാലെ പരാതിക്കാരിയെ കണ്ടെത്തിയതായി ഉത്തർപ്രദേശ് പോലീസ് വെളിപ്പെടുത്തി. പിന്നീട് കോടതിയുടെ നിർദേശ പ്രകാരം രാത്രിയോടെ കോടതിയിലെത്തിച്ച പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ജസ്റ്റീസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് നിർദേശിക്കുകയായിരുന്നു.