അമിത് ഷാ വീണ്ടും ബിജെപി അധ്യക്ഷന്‍ ..എല്‍.കെ. അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും വിട്ടുനിന്നു

ന്യൂദല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പതിനൊന്നരയോടു കൂടിയാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപിയിലെ എല്ലാ വിഭാഗത്തിന്റേയും പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേക്ക് അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് നേതൃത്വം അവകാശപ്പെട്ടു .എന്നാല്‍ എല്‍.കെ. അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

 
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഏകകണ്ഠമായാണ് അമിത് ഷായെ തിര‍ഞ്ഞെടുത്തത്. 2014 ജൂലൈയില്‍ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിസഭയിലേക്ക് മാറിയതോടെ അദ്ദേഹത്തിന് പകരക്കാരനായാണ് അമിത് ഷാ ദേശീയ അധ്യക്ഷനായത്.

 

രാജ്നാഥ് സിങ്ങില്‍ നിന്ന് ചുമതല ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് മികച്ച നിലയില്‍ തുടങ്ങിയ അമിത് ഷാ പക്ഷെ കാലാവധി പൂര്‍ത്തിയാക്കിയത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ്. ഡല്‍ഹി, ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചിടിക്കു പിന്നാലെ അമിത് ഷായുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.

 

ആര്‍എസ്എസിനും അമിത് ഷായുടെ പ്രവര്‍ത്തനരീതിയില്‍ പൂര്‍ണ തൃപ്തിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപൂര്‍ണ പിന്തുണ അമിത് ഷായ്ക്കുണ്ട്. ഇതും അടുത്തവരുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ല എന്നതും കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍ പോലും പകരക്കാരനാകാന്‍ തയ്യാറാകാതിരുന്നതുമാണ് കാര്യങ്ങള്‍ അമിത് ഷായ്ക്ക് അനുകൂലമാക്കിയത്. അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കുമെതിരെ വിമതസ്വരമുയര്‍ത്തുന്ന യശ്വന്ത് സിന്‍ഹ മല്‍സരിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും അമിത്ഷായുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. 2010 വരെ ദേശീയ അധ്യക്ഷനായി തുടരും.

Top