ദില്ലി: ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദിനെതിരെ ഭീഷണി മുഴക്കി ബിജെപിയെത്തി. കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന് പറഞ്ഞ സലാഹുദ്ദീനെ വധിക്കുമെന്നാണ് ബിജെപി പറഞ്ഞത്. കശ്മീരില്‍ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ച ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചിരുന്നു. അതേ അവസ്ഥ തന്നെയായിരിക്കും സലാഹുദ്ദീനും സംഭവിക്കുകയെന്നും ബിജെപി വക്താവ് എന്‍.സി.ഷൈന പറഞ്ഞു.
എന്താണോ ബുര്‍ഹാന്‍ വാനിക്കു സംഭവിച്ചത് അതുപോലുള്ളവ നേരിടാന്‍ തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്നു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ വിചാരിക്കരുത്. വിഘടനവാദികള്‍ക്കുമേല്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഷ്ട്രീയമായ ഇഛാശക്തിയുണ്ട്. അത്തരം നടപടികളുമായി അദ്ദേഹം മുന്നോട്ടു പോകുമെന്നും ഷൈന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഇന്നലെ, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഹിസ്ബുല്‍ തലവന്‍ കശ്മീരില്‍ അക്രമം തുടരുമെന്നു ഭീഷണിപ്പെടുത്തിയത്. കശ്മീരികളെ ഉപയോഗിച്ചു സൈനികരെ വധിക്കും. സംഘര്‍ഷങ്ങള്‍ കശ്മീരിനു പുറത്തേക്കു വ്യാപിപ്പിക്കും. പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരം അനുവദിക്കില്ല. കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനു ആക്രമണമല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. സമാധാനത്തിന്റെ വഴിയില്ലെന്നു കശ്മീരിലെ നേതൃത്വത്തിനും ജനത്തിനും അറിയാം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലെ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ പറഞ്ഞിരുന്നു.
ജൂലൈ എട്ടിനു നടന്ന സൈനിക നടപടിക്കിടെയാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മൂവായിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകക്ഷി സംഘം കശ്മീരില്‍ സന്ദര്‍ശനം നടത്തുകയാണ്.