തിരുവനന്തപുരം : മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ തുറന്ന് പറച്ചിലുമായി സ്വപ്ന സുരേഷ്. യു.എ.ഇ. കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് പറഞ്ഞു.
ശിവശങ്കർ തന്നെ ചൂഷണം ചെയ്തതായും സ്വപ്ന ആരോപിച്ചു.ശിവശങ്കറിന്റെ അനുഭവക്കുറിപ്പുകൾ വാർത്തയായ സാഹചര്യത്തിലാണ് സ്വപ്നയുടെ പ്രതികരണം. താനൊരു പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു. അതിൽ ഒരുപാട് രഹസ്യങ്ങളുണ്ടാകും. എന്നാൽ, ആരെയും ചെളിവാരിയെറിയാനില്ലെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആദ്യ ദുബായ് യാത്രയ്ക്കു മുന്നോടിയായി ചില പാഴ്‌സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ആദ്യം വിളിച്ചത്. പിന്നീട് അദ്ദേഹവുമായി അടുത്തബന്ധത്തിലായി. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്ന അദ്ദേഹത്തിന് ഐഫോൺ നൽകി ചതിക്കേണ്ട ആവശ്യമില്ല. ഐഫോൺ മാത്രമല്ല, അദ്ദേഹത്തിന് ഒട്ടേറെ സമ്മാനങ്ങൾ വേറെയും നൽകിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗിൽ എന്തായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നോട് ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ എം ശിവശങ്കറുമുണ്ട്. മുൻകൂർ ജാമ്യം നേടാനും ശിവശങ്കർ നിർദ്ദേശിച്ചു.
ലോക്കറിൽ ഉണ്ടായിരുന്നത് കമ്മീഷൻ പണമാണ്. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെയെന്നും സ്വപ്‌ന വെളിപ്പെടുത്തി.
എൻഐഎ അന്വേഷണത്തിലേക്ക് വന്നത് ശിവശങ്കറിന്റെ ബുദ്ധിയാണ്. എൻഐഎയെ കൊണ്ടുവന്നത് താൻ വാ തുറക്കാതിരിക്കാനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.. ശബ്ദരേഖ നൽകിയതും നിർദ്ദേശം അനുസരിച്ചാണ്. ഓഡിയോ ക്ലിപ്പ് കൊടുത്തത് സന്ദീപ് പറഞ്ഞിട്ടാണ്. തനിക്കറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.
എല്ലാം പറഞ്ഞിരുന്നേൽ എല്ലാവരും അറസ്റ്റിലായേനെയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല.
താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നു.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താൻ പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വോള്യം വരുമെന്നും അവർ പറഞ്ഞു. ഒരവസരം വന്നപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാൽ തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരെയും കാണാൻ പറഞ്ഞതും കോൺസുലേറ്റിലെ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിൽ സ്‌പേസ് പാർക്കിൽ ജോലി ലഭിക്കാൻ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. പിഡബ്യൂസിയെ സ്‌പെയ്‌സ് പാർക്കിൽ കൊണ്ടുവന്നത് തന്നെ നിയമിക്കാൻ വേണ്ടിയായിരുന്നു.
കെപിഎംജി തന്റെ നിയമനത്തെ ആദ്യം എതിർത്തു. തന്നെ നിയമിക്കാനായി കെപിഎംജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ അതേപടി പിന്തുടരുകയായിരുന്നു. സർട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയോ ആരും ചോദിച്ചില്ലെന്നും സ്വപ്ന പറഞ്ഞു.
പിഡബ്ല്യുസിയെ തനിക്ക് അറിയില്ല. അവരുടെ ബെംഗളൂരുവിലെ ഓഫീസിൽ പോയി ഒരു ലാപ്‌ടോപ് വാങ്ങിയത് ഒഴിച്ചാൽ താനൊന്നിനും അവരുമായി ബന്ധപ്പെട്ടിട്ടില്ല. മധ്യേഷ്യയിലെ ബന്ധങ്ങൾ വെച്ച് കൂടുതൽ ഐടി പ്രൊജക്ടുകൾ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ചുമതല.
താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്‌പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണം. ആദ്യം അവിടുത്തെ കരാർ കെപിഎംജിക്കായിരുന്നു. എന്നാൽ തന്നെ നിയമിക്കുന്നതിൽ അവർ തടസം പറഞ്ഞെന്നും അതിനാൽ അവരെ മാറ്റിയെന്നും സ്വപ്ന പറയുന്നു.
മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. എന്നാൽ തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് അയാൾ നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.