എം ശിവശങ്കറിനെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിച്ചു.കുടുക്കായത് സ്വപ്‌നബന്ധം.ഔദ്യോഗിക അടുപ്പം സൗഹൃദത്തിലേക്ക്.

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു. ഇന്ന് വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

എം. ശിവശങ്കര്‍ ഐഎഎസിന് കുടുക്കായത് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമാണ്. കോ ണ്‍സുലേറ്റുമായി ചേര്‍ന്ന് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്ത സ്വപ്നയെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ശിവശങ്കര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്‌നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്തി. പാഴ്‌സല്‍ പിടികൂടിയ ശേഷമാണ് സ്വപ്‌നയും സുഹൃത്തുക്കളും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയർന്നത്. പിന്നീട് സ്വപ്‌നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ കേസിലെ പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിനു സമീപം ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചതും സ്വപ്‌നയ്ക്കായി ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്‌നയ്ക്കു സ്‌പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്താന്‍ ഇടപെട്ടതും ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്‌നയ്ക്കു കമ്മിഷന്‍ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയത്തിന്റെ നിഴലിലാക്കി. ശിവശങ്കര്‍ നടത്തിയ പല വിദേശയാത്രകളിലും സ്വപ്‌ന സുരേഷ് ഒപ്പമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

ഇതില്‍ ഏറെയും ദുബായ് യാത്രകളായിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷനും സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണവും ഡോളറാക്കി സ്വപ്‌ന ദുബായിലേക്കു കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. കോണ്‍സുലേറ്റ് വിട്ട സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

ഷാര്‍ജ ഭരണാധികാരിയില്‍നിന്നു സ്വപ്‌നയ്ക്കു ടിപ്പായി ലഭിച്ച പണം അക്കൗണ്ട് ചെയ്യണമെന്ന സ്വപ്‌നയുടെ ആവശ്യം അനുസരിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണു ശിവശങ്കര്‍ പറഞ്ഞത്. ഇതിന് 12 മാസത്തോളം പിന്നിട്ട ശേഷമാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന ആരോപണവിധേയയായതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിവശങ്കറുമായുള്ള ബന്ധം സ്വപ്ന സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്നോ എന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിച്ചു.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നു കരുതാനാകില്ലെന്ന നിലപാടും ഇഡി സ്വീകരിച്ചു. സ്വപ്‌നയുടെ പണം സൂക്ഷിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സാപ്പ്് ചാറ്റുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഇഡി വ്യക്തമാക്കി. സ്വപ്‌നയ്ക്കു വേണ്ടി പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ ‘ഓകെ’ എന്നു വാട്സാപ്പിൽ മറുപടി നല്‍കിയെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍സുലേറ്റുമായി ചേര്‍ന്നു നടത്തിയ ഈന്തപ്പഴം വിതരണത്തിലും ശിവശങ്കറിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തതെന്നും യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മില്‍ കത്തിടപാടൊന്നും നടത്തിയിട്ടില്ലെന്നും അന്നു സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.

സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നും എന്‍ഫോഴ്സ്മെന്റ് വാദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിച്ചു.

Top