ബിനീഷ് കോടിയേരി ചോദ്യം ചെയ്യല്‍ നീണ്ടത് 11 മണിക്കൂറിലധികം.ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പതിനൊന്ന് മണിക്കൂറിലധികം നേരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. ഒരാഴ്ച്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

ചെന്നൈയിൽ നിന്നെത്തിയ ജോയിന്റ് ഡയറക്ടറും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബംഗളൂരുവിലെ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചോദിച്ചിരുന്നു.യുഎഇ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് കരാര്‍ നേടിക്കൊടുത്തതിന് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്.

Top