തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല ഇക്കാര്യം സ്ഥിരീകരിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല…
എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ നീക്കങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനു പിന്നിൽ ഐഎസ് ബന്ധമുള്ളവരാണെന്നും എൻഐഎ സംശയിക്കുന്നു.
അതേസമയം, കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തുക. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം.സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം ഏറ്റെടുത്തതായി എൻഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.