സ്വപ്‌ന സുരേഷിനേയും എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡിയുടെ നീക്കം.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.സ്വപ്‌ന സുരേഷിനേയും എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡിയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള അനുവാദം തേടി ഇഡി കോടതിയെ സമീപിച്ചു. മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. ഇഡിയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വപ്‌ന സുരേഷിന്റെ ലോക്കറിലുളള കണക്കില്ലാത്ത പണവുമായി ബന്ധപ്പെട്ടാണ് ഇഡി മറ്റ് പ്രതികള്‍ക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

സ്വപ്‌ന സുരേഷിന്റെ പക്കലുളള പണവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പണത്തില്‍ ശിവശങ്കറിനും ഉടമസ്ഥത ഉണ്ടോ എന്ന് ഇഡിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. നവംബര്‍ 5 വരെയാണ് കോടതി ഇഡിക്ക് ശിവശങ്കരന്റെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

Top