എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്.സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്ന് സന്ദീപ്

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ശനിയാഴ്ച കൊഫേപോസ ചുമത്തി. പ്രതികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തിയത്. ഇതോടെ ഇവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍വെക്കാനും കഴിയും.

അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. ചൊവ്വാഴ്ച ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. കോൺസുൽ ജനറലുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അന്ന് മുതൽ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിർണായക മൊഴി. ഇതിൽ കോൺസുലേറ്റുമായി ശിവശങ്കറിനുള്ള ബന്ധം സ്വപ്ന വിശദീകരിക്കുന്നത് ഇങ്ങനെ.

കോൺസുലേറ്റ് കാര്യങ്ങളിൽ ബന്ധപ്പെടാൻ ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കോൺസുൽ ജനറലും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നടപടി. 2017 ലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ശിവശങ്കറും താനും പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.

അതേസമയം, സ്വകാര്യ കൂടിക്കാഴ്ചയിൽ ശിവശങ്കറെ ഇത്തരം കാര്യങ്ങൾക്കായി നിയോഗിച്ചതിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നുണ്ട്. സ്‌പേസ് പാർക്ക് നിയമനമടക്കമുള്ള സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. വിവിധ അന്വേഷണ ഏജൻസികളും സ്വപ്ന എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി ശേഖരിച്ചിട്ടുണ്ട്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം വഷളാകാത്ത തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് വിവിധ ഏജൻസികൾക്കുള്ള നിർദേശം.

അതേസമയം സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായർ കസ്റ്റംസിന് മൊഴി നൽകി.

പിടിയിലാകുന്നതിന് മുൻപുള്ള സ്വർണക്കടത്തിന് ലഭിച്ച വിഹിതമാണിത്. ഈ പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌നയുമായി തർക്കമുണ്ടായി. വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണമാണിതെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ നിർണായക വിവരങ്ങൾ നൽകിയത്.

Top