സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി.ഒന്നും പ്രതികരിക്കാതെ പുറത്തേക്ക് .നിർണായക വെളിപ്പെടുത്തൽ കാത്ത് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ ആയിരുന്നു സ്വപ്‌നയുടെ മടക്കം.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.

എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ മോചനം സാധ്യമായത്. കൊച്ചിയിലെ വിവിധ കോടതികളിലെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് സ്വപ്‌ന പുറത്തിറങ്ങിയത്.തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് പുറത്തിറങ്ങുന്നത്. ശനിയാഴ്ച രാവിലെ സ്വപ്‌നയുടെ അമ്മ പ്രഭ ജയിലെത്തി മോചനത്തിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ജയില്‍ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്ന് നേരത്തെ മാതാവ് പ്രഭാ സുരേഷ് വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി 21. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിന് മുന്നിൽ ഒരു സ്ത്രീ ജയിൽമോചിതയാകുന്നതും കാത്ത് വൻ മാധ്യമപ്പട തടിച്ചുകൂടി നിന്നു. കേരളരാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച സോളാർ അഴിമതിക്കേസിലെ പ്രതി സരിത എസ് നായർ അന്ന് പുറത്തേക്ക് വന്ന്, മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുവച്ചത് ഒരു കെട്ട് അഴിമതിക്കഥകളാണ്. അധികാരദുർവിനിയോഗത്തിന്‍റെ ആ നാണംകെട്ട അധ്യായം ഉമ്മൻചാണ്ടി സർക്കാരിന്‍റെ ഉറക്കം കെടുത്തി. ഒടുവിൽ അധികാരത്തിൽ നിന്ന് താഴെ വീഴ്ത്തുകയും ചെയ്തു.

സമാനമായ സാഹചര്യമായിരുന്നു ഇന്ന് രാവിലെ അട്ടക്കുളങ്ങര ജയിലിന് മുന്നിൽ വീണ്ടും കണ്ടത്. കേരളത്തിൽ വലിയ രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച, കേരളവും കേന്ദ്രവും തമ്മിൽ നേർക്കുനേർ പോരിനെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്ന പ്രഭാ സുരേഷിന് ഇനി പറയാനുള്ളതെന്ത്? കാത്തിരിക്കുകയാണ് ആ പ്രതികരണത്തിനായി രാഷ്ട്രീയ കേരളം. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പ് ഒരു ബോംബ് പോലെ സ്വർണക്കടത്ത് കേസ് പൊന്തിവന്നപ്പോൾ കേന്ദ്രഏജൻസികൾ സംസ്ഥാനസെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറന്നതാണ്.

മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ കേന്ദ്ര ഏജൻസികൾ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. ആ വാദത്തിൽ സ്വപ്ന ഉറച്ച് നിൽക്കുന്നോ? സ്വപ്നയെ കുടുക്കിയതാര്? ആരാണ് സ്വപ്നയുടെ ‘ബോസ്’? നയതന്ത്രബാഗേജ് വഴി എട്ട് തവണയോളം സ്വർണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും സ്വപ്നയെ സഹായിച്ചതും ആര്? അറ്റാഷെ അടക്കമുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്കെന്ത്? സരിത്തും മറ്റ് കൂട്ടുപ്രതികളുമല്ലാതെ ഈ കേസിൽ കാണാമറയത്ത് ആരെങ്കിലുമുണ്ടോ? സ്വപ്നയെ കുടുക്കിയതെങ്കിൽ ആരായിരുന്നു പിന്നിൽ? സംസ്ഥാനസർക്കാരിന് കീഴിൽ ഐടി വകുപ്പിലെ ഉന്നതപദ്ധതികളിലൊന്നിൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെങ്ങനെ? ആരാണ് ഈ നിയമനത്തിന് പിന്നിൽ? വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയ്ക്ക് മുന്നിൽ ഉന്നതനിയമനങ്ങൾക്ക് വഴികൾ തുറന്നിട്ടതാര്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധമെന്ത്, അതുപയോഗിച്ച് എന്തെല്ലാം അധികാരദുർവിനിയോഗങ്ങൾ സ്വപ്ന നടത്തി? ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങുന്നതടക്കമുള്ള അഴിമതികളിലേക്ക് എത്തിയതെങ്ങനെ? കേന്ദ്ര ഏജൻസികൾ ഇതിൽ സംസ്ഥാനസർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പറയാൻ സ്വപ്നയ്ക്ക് മേൽ എങ്ങനെയാണ് സമ്മർദ്ദം ചെലുത്തിയത്? ഇപ്പോൾ കേന്ദ്രഏജൻസികൾ ഹാജരാക്കിയ കുറ്റപത്രങ്ങളിലെ പല വകുപ്പുകളും, യുഎപിഎ അടക്കം നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചതിനെക്കുറിച്ച് സ്വപ്നയ്ക്ക് പറയാനുള്ളതെന്ത്? – അങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാനുണ്ട് സ്വപ്നയ്ക്ക്.

പലതും തുറന്ന് പറയാനുണ്ടെന്ന് സ്വപ്നയുടെ അമ്മ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തേക്ക് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എല്ലാറ്റിനോടും പിന്നീട് പ്രതികരിക്കുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്.

ഉമ്മൻചാണ്ടി സർക്കാരിന് അവസാനനാളുകളിൽ ദുഃസ്വപ്നമായത് സോളാർ കേസാണെങ്കിൽ സമാനമായി ഒന്നാം പിണറായി സർക്കാരിന് തലവേദനയായി മാറി സ്വർണക്കടത്ത് കേസ്. 2020 ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തതാണ് സ്വർണക്കടത്ത് കേസിന്‍റെ തുടക്കം.

ദുബായിൽ നിന്ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ മേൽവിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിൽ നിന്നാണ് സ്വർണം പിടിച്ചത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്പേസ് സെല്ലിംഗ് വിഭാഗത്തിലെ കരാർ ജീവനക്കാരിയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷ്, കേസിന്‍റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കറുമായും അന്നത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായും ബന്ധമുണ്ടെന്ന് ആരോപണമുയർന്നത് സർക്കാരിനെ ഞെട്ടിച്ചു.

കോൺഗ്രസും ബിജെപിയും മുസ്ലീംലീഗും കിട്ടിയ അവസരം വെറുതെ കളഞ്ഞില്ല. സ്വർണം പിടിച്ചപ്പോൾ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തിയെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം പലരുമേറ്റുപിടിച്ചു. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും വിളിച്ചില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. വിളിച്ചത് ബിഎംഎസ് നേതാവാണെന്ന് പിന്നീട് വ്യക്തമായി.

സ്വര്‍ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടലുണ്ടായില്ല എന്ന് വ്യക്തമാക്കിയ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായി. ഇടതുബന്ധം ആരോപിക്കപ്പെട്ട അനീഷ് പി രാജന്‍റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്ന് അന്നേ ആരോപണമുയർന്നിരുന്നു. 2020-ലെ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍റെ അവാര്‍ഡ് കിട്ടിയ മികച്ച ഉദ്യോഗസ്ഥനായിരുന്നു അനീഷ് എന്നത് ആരോപണങ്ങൾക്ക് ആക്കം കൂട്ടി.

കോൺസുലേറ്റ് കൂടി ഇടപെട്ട കേസായതിനാൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതോടെ എൻഐയ്ക്ക് കേസ് വിട്ട് കേന്ദ്രം ഉത്തരവിറക്കി. 2020 ജൂലൈ 10-ന് എൻഐഎ കേസേറ്റെടുത്ത പാടെ, രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാവുന്ന തരത്തിൽ സ്വർണം കടത്തിയത് തീവ്രവാദക്കുറ്റത്തിന്‍റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി കേസിൽ യുഎപിഎ ചുമത്തി. തിരുവനന്തപുരം സ്വദേശി സരിത്, സ്വപ്ന സുരേഷ്, യുഎഇ കോൺസൽ അറ്റാഷെയുടെ പേരിൽ പാഴ്സലയച്ച മലയാളി ഫാസിൽ ഫരീദ്, സന്ദീപ് നായർ എന്നിവരുടെ പേരിലായിരുന്നു യുഎപിഎ.

ലോക്ക്ഡൗൺ കാലത്ത് പൊലീസിനെയെല്ലാം വെട്ടിച്ച് അതിർത്തി കടന്ന് ഒളിവിൽ പോയ സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും 2020 ജൂലൈ 11-ന് ബംഗളുരുവിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ആദ്യം സംരക്ഷിക്കാൻ ശ്രമമുണ്ടായെങ്കിലും സ്വപ്നയുമായുള്ള ബന്ധം വെളിപ്പെട്ടതോടെ എം ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തു.

ഇതിനിടെ കേസിൽ ആരോപണവിധേയനായ അറ്റാഷെ രായ്ക്കുരാമാനം നാടുവിട്ടത് കേന്ദ്ര ഏജൻസികൾക്ക് നാണക്കേടായി. പല ദിവസങ്ങളായി മണിക്കൂറുകളോളം എം ശിവശങ്കറിനെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ 2020 ഒക്ടോബർ 28-ന് ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തു. എന്നാൽ സ്വർണക്കടത്ത് കേസിലായിരുന്നില്ല, വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ്. പിന്നീട് സ്വർണക്കടത്ത് കേസിൽ എൻഐഎ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിയായിരുന്നില്ല. സ്വപ്ന, സരിത്, കെ ടി റമീസ്, യുഎഇയിൽ നിന്ന് എത്തിച്ച റബിൻസ് ഫരീദ് എന്നിവരടക്കം 20 പേരായിരുന്നു പ്രതിപ്പട്ടികയിൽ. സന്ദീപ് നായർ കേസിൽ മാപ്പുസാക്ഷിയായി.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അദ്ദേഹം ഹാജരാകാൻ തയ്യാറാകാതിരുന്നതും വലിയ രാഷ്ട്രീയവിവാദമായി. ഇതിനിടെ മുഖ്യമന്ത്രിയുടെ അടക്കം പേര് പറയാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്തുവന്നത് സിപിഎം തിരികെ ആയുധമാക്കി. പക്ഷേ, ഇത് ചൂണ്ടിക്കാട്ടി, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ 2021 ഏപ്രിലിൽ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയാവുകയും ചെയ്തു.

ഇതിനെല്ലാമിടയിൽ തദ്ദേശതെരഞ്ഞെടുപ്പുകൾ നടന്നു. കടുത്ത പ്രചാരണ കോലാഹലങ്ങൾക്കെല്ലാമൊടുവിലും ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി. ഇതേ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് അന്നേ വ്യക്തമായിരുന്നു. കൊവിഡ് കാലത്തെ മാതൃകാ പ്രവർത്തനങ്ങളും ഭക്ഷ്യകിറ്റും പെൻഷനുമുൾപ്പടെയുള്ള ജനപ്രിയ പദ്ധതികളും മുന്നോട്ടുവച്ച് ഇടതുപക്ഷം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ഒടുവിൽ ചരിത്രം തിരുത്തി രണ്ടാമതും ഇടതുപക്ഷം നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിന്‍റെ അധികാരം നേടി.

രണ്ടാം പിണറായി സർക്കാരിന് ഇനിയും നാലേമുക്കാൽ കൊല്ലത്തോളം അധികാരപദവിയിൽ ബാക്കിയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന സ്വപ്ന പ്രഭാ സുരേഷ് രാഷ്ട്രീയമായി എന്തെങ്കിലും ആരോപണങ്ങളുയർത്തുമോ? അത് ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോ ആശ്വാസമാകുമോ നൽകുക എന്നതെല്ലാം കണ്ടറിയണം. അതിനാൽത്തന്നെ സ്വപ്നയുടെ പ്രതികരണവും നിർണായകമാകും, കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ.

Top