തിരുവനന്തപുരം:സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി. ഇതു മറച്ചുവച്ചാണ് ഐടി വകുപ്പിൽ ജോലി ചെയ്തത്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ പിരിച്ചു വിട്ടതായി ഐ.ടി വകുപ്പ് അറിയിച്ചു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.
സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം സിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനെതിരെ സ്വപ്ന നൽകിയ പീഡനപരാതി വ്യാജമാണെന്ന് നേരത്തേ മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു.സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. കരാർ ജീവനക്കാരിയായിരുന്ന ഇവരെ സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണു പിരിച്ചുവിട്ടത്. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി സ്വപ്ന ഇടപെടൽ നടത്തിയെന്നും വിവരമുണ്ട്.