ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗങ്ങളില്‍ പടർന്നുപിടിച്ച ലൈംഗീക രോഗമാണ് സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ്. സാധാരണ നമ്മൾ കേട്ടിട്ടുള്ള എച്ച്.ഐ.വി, ഗൊണേറിയ തുടങ്ങിയ രോഗങ്ങളോളം തന്നെ മാരകമാണ് പറങ്കിപ്പുണ്ണും. ഏതാനും വർഷങ്ങളായി ഓസ്ട്രേലിയയിൽ അനിയന്ത്രിതമായി പടരുകയാണ് ഈ രോഗം. വലിയ ആശങ്കയാണ് വൈദ്യശാസ്ത്രമേഖലയിൽ നിന്നും ഇപ്പോൾ ഉയരുന്നത്.
രോഗത്തെ നിയന്ത്രിക്കാനായെന്നായിരുന്നു പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഓസ്ട്രേലിയയിലെ ആരോഗ്യവിദഗ്ധരുടെ വിശ്വാസം. പക്ഷെ ആ വിശ്വാസത്തെ പാടെ തെറ്റിച്ച് കൊണ്ട് രാജ്യത്തിന്റെ പല ഭാഗത്തേക്ക് രോഗം വ്യാപിക്കുകയാണുണ്ടായത്. 2011 മുതല്‍ ആറ് കുട്ടികളാണ് സിഫിലിസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ മരണപ്പെട്ടത്. ഗോത്രിവിഭാഗങ്ങള്‍ക്കിടയിലാവട്ടെ രോഗത്തിന്റെ തോത് പലമടങ്ങായി വര്‍ധിച്ചു.
2013മുതലുള്ള കണക്കുകള്‍ പ്രകാരം ആയിരത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടായതായാണ് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ ഫെഡറേഷന്റെ കണക്കുകള്‍. പ്രതിമാസം 30 കേസുകള്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ സിഫിലിസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും രോഗം ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെന്നും അസോസിയേഷന്‍ സമ്മതിക്കുന്നു.
ആദ്യ രണ്ട് ഘട്ടത്തിലുള്ള സിഫിലിസിന് പെന്‍സിലിന്‍ ആന്റി ബയോട്ടിക് ചികിത്സ ഫലപ്രദമാണ്. അവസാനഘട്ടത്തിലുള്ള രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല. രോഗത്തിനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ് രോഗത്തെക്കുറിച്ച് പുറത്തുവരുന്ന പുതിയ വാർത്തകൾ.