ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ കുടിയേറ്റ അവസരങ്ങൾ കുറയുന്നു; ന്യൂസിലാന്റുകാര്‍ക്കും പരിഗണന

ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് മൈഗ്രേഷൻ വിസ ക്വാട്ടയിൽ ന്യൂസിലന്റ് പൗരൻമാരെക്കൂടി ഉൾപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ അവസരങ്ങൾ കുറഞ്ഞതായി വെളിപ്പെടുത്തൽ. പുതിയ അപേക്ഷകരെ മാത്രമല്ല, നിലവിൽ പി.ആർ വിസയ്ക്കായി അപേക്ഷ നൽകിയിട്ടുള്ളവരെയും ഈ മാറ്റം ബാധിക്കുന്നുണ്ടെന്ന് കുടിയേറ്റകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. വിദേശത്തു നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്കായി ഓസ്‌ട്രേലിയ നൽകുന്ന വിസയാണ് സ്‌കിൽഡ് മൈഗ്രന്റ് വിസ. ഈ വിസയിലേക്ക്  ഓസ്‌ട്രേലിയയിൽ തന്നെ താമസമാക്കിയിരിക്കുന്ന ന്യൂസിലാന്റുകാരെയും ഉൾപെടുത്താൻ 2016ൽ ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു. വർഷം 43,990 സ്കിൽഡ് മൈഗ്രന്റ് വിസകളാണ് ഓസ്ട്രേലിയ അനുവദിച്ചിരുന്നത്. ഈ എണ്ണത്തിൽ വർദ്ധനവ് വരുത്താതെയാണ് ന്യൂസിലാന്റിൽ നിന്നുള്ളവരെ കൂടി ഇതേ വിസയുടെ പരിഗണനയിൽ കൊണ്ടുവന്നത്. മുമ്പ് സ്കിൽഡ് മൈഗ്രേഷൻ വിസയിൽ ന്യൂസിലാന്റിൽ നിന്നുള്ള അപേക്ഷകരെ ഉൾക്കൊള്ളിച്ചിരുന്നില്ല.  സാധാരണ സ്കിൽഡ് പി ആർ വിസയ്ക്കായി അപേക്ഷിക്കുന്നവർ നിശ്ചിത സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ, ന്യൂസിലാൻറ് പൗരന്മാർക്ക് അതും ബാധകമല്ല.  പുതിയ നിയമം വന്നതോടെ, ഓസ്ട്രേലിയയിൽ തന്നെ താമസിക്കുന്ന പതിനായിരത്തോളം ന്യൂസിലാന്റ് പൗരന്മാർ വിസയ്ക്കായി അപേക്ഷിച്ചു എന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ അപേക്ഷരുടെ സാധ്യതകൾ കുറയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യാക്കാരുടെ കുടിയേറ്റം കുറഞ്ഞു

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് ഓസ്ട്രേലിയൻ സ്കിൽഡ് മൈഗ്രേഷൻ വിസ ലഭിക്കുന്നതിൽ കഴിഞ്ഞ വർഷം കുറവുണ്ടായതായി ബ്രിസ്ബൈനിലെ ടോണിയോ ലോയേഴ്സിലുള്ള മൈഗ്രേഷൻ ലോയർ ടോണിയോ തോമസ് ചൂണ്ടിക്കാട്ടി.  യോഗ്യതയുള്ള വിസ അപേക്ഷകർക്ക് കുടിയേറ്റകാര്യവകുപ്പ് ഇൻവിറ്റേഷൻ അയയ്ക്കുന്നതിൽ വലിയ ഇടിവാണ് ഈ വർഷം ഇതുവരെ ഉണ്ടായതെന്നും ടോണിയോ തോമസ് പറഞ്ഞു.  “മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 13,000ഓളം കുറവ് ഇൻവിറ്റേഷനുകൾ മാത്രമാണ് സർക്കാർ ഈ സാമ്പത്തിക വർഷം അയച്ചിട്ടുള്ളത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

70 പോയിന്റിൽ താഴെയുള്ള നിലവിലെ അപേക്ഷകളെയും ബാധിക്കും

പോയിന്റ് സംവിധാനം  അനുസരിച്ചാണ് വിസ അപേക്ഷകർക്ക് സർക്കാർ ഇൻവിറ്റേഷൻ അയയ്ക്കുന്നത്.  2017 ൽ പെർമനന്റ് റെസിഡൻസിക്ക് യോഗ്യത നേടി ഇൻവിറ്റേഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും 65 പോയിന്റ് നേടിയവരായിരുന്നെങ്കിൽ, ഈ വർഷം 70 പോയന്റിന് താഴെയുള്ള ആർക്കും തന്നെ പെർമനന്റ് റെസിഡൻസിക്കുള്ള ഇൻവിറ്റേഷൻ ലഭിച്ചിട്ടില്ലെന്ന് ടോണിയോ തോമസ് പറയുന്നു.  നിലവിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുടെ കൂട്ടത്തിലും 70 പോയിന്റിൽ താഴെയുള്ളവരെ ഇത് ബാധിക്കാം എന്നാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നത്.

 

Top