കൊച്ചി: കര്‍ദിനാളിനെതിരായ നിലപാട് ഒരുവിഭാഗം വൈദികര്‍ ശക്തിപ്പെടുത്തുന്നതിനിടെ സിറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് വെള്ളിയാഴ്ച ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരിക്കും യോഗം.
കര്‍ദിനാള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ തിരിച്ചുവന്നതില്‍ വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ സഹചര്യത്തിലാണ് സിനഡ് എന്ന് സൂചനയുണ്ട്. വൈദികര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. എന്നാല്‍ അതിരൂപതയിലെ വിവാദമായ കോട്ടപ്പടിയിലെ ഭൂമി വില്‍പ്പന സംബന്ധിച്ചും ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.
അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പും സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ സഭാധ്യക്ഷനെതിരെ അതിരൂപതയുടെ ഭൂരിപക്ഷം വൈദികര്‍ പരസ്യമായി രംഗത്തുവരുന്നത് സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇതില്‍ വൈദികര്‍ക്കെതിരെ സഭാപരമായ നടപടി വേണമെന്നാണ് കര്‍ദിനാളിനെ അനുകൂലിക്കുന്ന വൈദികര്‍ ആവശ്യപ്പെടുന്നത്. കര്‍ദിനാളിനെതിരായ നീക്കങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ഏതാനും വൈദികര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ഇവര്‍ സിനഡിനു മുമ്പാകെ വച്ചിട്ടുണ്ട്.
ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചവരും ഇപ്പോള്‍ പ്രതിഷേധ രംഗത്ത് സജീവമായുള്ളവരുമായ ഇവരെ ഒതുക്കണമെന്ന ആവശ്യമാണ് കര്‍ദിനാള്‍ പക്ഷത്തെ വൈദികര്‍ക്കുള്ളത്. കര്‍ദിനാളിനെ അതിരൂപതയുടെ ചുമതല തിരികെ ഏല്പിച്ച വത്തിക്കാനെ തന്നെ വെല്ലുവിളിക്കുകയാണ് ഇവരെന്നും കര്‍ദിനാള്‍ അനുകൂലികള്‍ പറയുന്നു.
എന്നാല്‍ പ്രതിഷേധിച്ച വൈദികര്‍ക്കെതിരെ അച്ചടക്ക നടപടി വന്നാല്‍ കാര്യങ്ങള്‍ തെരുവിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വൈദികപക്ഷം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സഭയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതായിരിക്കും സിനഡ് തീരുമാനങ്ങള്‍. മാര്‍ മനത്തോടത്ത് സ്ഥലത്തില്ലാത്തതിനാല്‍ സിനഡ് യോഗത്തിലേക്ക് പകരം മറ്റൊരു ബിഷപിനെ കര്‍ദിനാള്‍ ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.